കേരളത്തിന് സുപ്രീംകോടതിയുടെ ശാസന
ന്യൂഡൽഹി: ക്രിമിനൽ കേസിൽ സത്യവാങ്മൂലം ഫയൽ ചെയ്യാൻ വൈകിയ കേരളത്തിന് സുപ്രീംകോടതിയുടെ താക്കീത്. നിശ്ചിത സമയത്തിനുള്ളിൽ സത്യവാങ്മൂലം ഫയൽ ചെയ്തില്ലെങ്കിൽ ജനുവരി മുതൽ വൻ പിഴ ഈടാക്കുമെന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി. എന്നാൽ ഈ വർഷം സർക്കാരിനോട് ഇക്കാര്യത്തിൽ ക്ഷമിക്കുന്നു. പാലാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിലെ പ്രതിയായ ഹരിപ്രസാദ്.വി. നായർ നൽകിയ ജാമ്യഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.
കേസിൽ സത്യവാങ്മൂലം ഫയൽ ചെയ്യാൻ സംസ്ഥാനസർക്കാരിനോട് നിർദേശിച്ചിരുന്നു.
കേരള ഹൗസിലെ നിയമഓഫീസർ ഗ്രാൻസി ടി.എസ് ഒപ്പിട്ട സത്യവാങ്മൂലം കഴിഞ്ഞദിവസം സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്തിരുന്നു. എന്നാൽ വൈകി ഫയൽ ചെയ്ത സത്യവാങ്മൂലം കോടതി രേഖകളിൽ രേഖപ്പെടുത്തിയിരുന്നില്ല. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് ഹർജി പരിഗണിച്ചപ്പോൾ സത്യവാങ്മൂലം സമർപ്പിച്ച കാര്യം സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്‍റിങ് കോൺസൽ ഹർഷദ്.വി.ഹമീദ് കോടതിയെ അറിയിച്ചു.
എന്നാൽ ഇത് കിട്ടിയിട്ടില്ലെന്ന് ജഡ്ജിമാർ വ്യക്തമാക്കി. വൈകി ഫയൽ ചെയ്യുന്നതിലൂടെ കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുകയാണെന്ന് ബെഞ്ച് വ്യക്തമാക്കി. ജനുവരി മുതൽ സത്യവാങ്മൂലം വൈകിയാൽ വൻ പിഴ ഈടാക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇനി താമസിച്ച് ഫയൽ ചെയ്താൽ പിഴ കൂടി തരേണ്ടിവരുമെന്ന് കോടതി കർശനമായി പറഞ്ഞു