സുരേഷ് ഗോപിയും കുടുംബവും മൂകാംബികയിൽ
കൊല്ലൂർ: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും. ബംഗളൂരു സ്വദേശിയായ പുരുഷോത്തം റെഡ്ഡി നൽകി 10 ടൺ ബസ്മതി അരി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ സുരേഷ് ഗോപി ക്ഷേത്രത്തിനു കൈമാറി. നവചണ്ഡികാ ഹോമത്തിലും പങ്കെടുത്തിട്ടാണ് കേന്ദ്ര മന്ത്രി മടങ്ങിയത്.
ഭാര്യ രാധിക, മക്കളായ മാധവ്, ഗോകുൽ, ഭാവ്നി, ഭാഗ്യ, മരുമകൻ ശ്രേയസ് മോഹൻ എന്നിവരും സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെയം ശ്രേയസിന്‍റെയും വിവാഹ വാർഷിക ദിനത്തിലാണ് കുടുംബത്തോടൊപ്പം മൂകാംബികയിലെത്തിയത്. കഴിഞ്ഞ വർഷം പ്രധാന മന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഭാഗ്യയുടെയും ശ്രേയസിന്‍റെയും വിവാഹം. സമൂഹമാധ്യമങ്ങളിലൂടെ ക്ഷേത്രദർശനത്തിന്‍റെ ചിത്രങ്ങൾക്കൊപ്പമാണ് സുരേഷ് ഗോപി ഇക്കാര്യം പങ്കു വച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം-
ലോകഗുരുവായ കൊല്ലൂര്‍ മൂകാംബികാ ദേവിയുടെ സന്നിധിയിൽ ഐശ്വര്യത്തിനും സമാധാനത്തിനുമായി നവചണ്ഡികാ ഹോമം നടത്തുവാനും പങ്കെടുക്കുവാനും സാധിച്ചു.
ഈ പുണ്യവേളയിൽ ബെംഗളൂരുവില്‍ നിന്നുള്ള മോദിജിയുടെ ഉറച്ച അനുഭാവിയും, എന്‍റെ പ്രിയ സുഹൃത്തുമായ ശ്രീ പുരുഷോത്തം റെഡിഗാരു, നവചണ്ഡികാ ഹോമം നടക്കുന്ന ചടങ്ങിലേക്ക് 10 ടൺ ബസ്മതി അരി നല്‍കുകയുണ്ടായി. എനിക്ക് അത് നമ്മുടെ പ്രിയങ്കരനായ ഭാരത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ പേരിലും നാളിലും, മൂകാംബികാ അമ്മക്ക് സമർപ്പിക്കാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായി കാണുന്നു.ഭാരതത്തിന്‍റെ ഐശ്വര്യത്തിനും ലോകനന്മയ്ക്കുമായി നമുക്ക് പ്രാർത്ഥിക്കാം