കൊച്ചി: ഏകീകൃത കുര്‍ബാന അര്‍പ്പിച്ചില്ലെങ്കില്‍ പുതിയ വൈദികര്‍ക്ക് വൈദിക പട്ടം നല്‍കില്ലെന്ന മുന്നറിയിപ്പുമായി ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. എറണാകുളം അങ്കമാലി അതിരൂപതയില്‍ ഡിസംബര്‍ മാസം വൈദിക പട്ടം സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കാണ് കത്ത് നല്‍കിയത്. സിനഡ് കുര്‍ബാന അര്‍പ്പിക്കാമെന്ന സമ്മത പത്രം ഒപ്പിട്ട് നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
എറണാകുളം അങ്കമാലി അതിരൂപതയില്‍ സിനഡ് കുര്‍ബാനയ്ക്കെതിരായ പ്രതിഷേധം തുടരുന്നതിനിടയിലാണ് പുതിയ കത്തുമായി ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് രംഗത്തെത്തിയത്. നവ വൈദികര്‍ സഭാ അധികാരികളെ അനുസരിക്കുമെന്നും സിനഡ് നിര്‍ദ്ദേശപ്രകാരമുള്ള ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമെന്നും എഴുതി നല്‍കണമെന്നാണ് ആവശ്യം. ബിഷപ്പുമാര്‍ക്കും ഡീക്കന്‍മാര്‍ക്കും മേജര്‍ സുപ്പീരീയേഴ്സിനും ഇതുസംബന്ധിച്ച കത്ത് കഴിഞ്ഞ ദിവസം കൈമാറിയിട്ടുണ്ട്. അതിരൂപതയില്‍ നിലനില്‍ക്കുന്ന അജപാലന സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം.
മുന്‍ വര്‍ഷങ്ങളില്‍ വൈദിക പട്ടം സ്വീകരിച്ച നവവൈദികര്‍ ഏകീകൃത കുര്‍ബാന അര്‍പ്പിച്ചിരുന്നില്ല. അതിരൂപതയില്‍ ഈ വര്‍ഷം 9 പേരാണ് പുതിയതായി വൈദിക പട്ടം സ്വീകരിക്കണ്ടത്. അതേസമയം, നിലവിലെ മാര്‍ഗ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സഭ നേതൃത്വം മുന്നോട്ടു പോകുന്നതെങ്കില്‍ സാഹചര്യം മാറുന്നതുവരെ ഡീക്കന്‍ സ്ഥാനത്ത് തുടരാന്‍ തയാറാണെന്ന് നവവൈദികർ സഭാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
നവ വൈദികര്‍ക്ക് നല്‍കിയ കത്ത് ഭീഷണിയുടേതാണെന്നും അതിരൂപത സംരക്ഷണ സമിതിയും അല്‍മായ മുന്നേറ്റവും നവ വൈദികര്‍ക്ക് പിന്തുണയുമായി രംഗത്തുണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.