തിരുവനന്തപുരം: പത്തനംതിട്ട നാറാണമൂഴി സെന്‍റ് ജോസഫ്സ് ഹൈസ്കൂൾ അധ‍്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ വിദ‍്യാഭ‍്യാസവകുപ്പ് നടപടി സ്വീകരിച്ചു. അധ‍്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല‍്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ 3 ഉദ‍്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.
പത്തനംതിട്ട ജില്ലാ വിദ‍്യാഭ‍്യാസ ഓഫീസിലെ പിഎയായ എൻ.ജി. അനിൽകുമാർ, സുപ്രണ്ട് എസ്. ഫിറോസ്, സെഷൻ ക്ലർക്ക് ആർ. ബിനി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇതു സംബന്ധിച്ച ഉത്തരവ് പൊതുവിദ‍്യാഭ‍്യാസ ഡയറക്റ്റർ പുറത്തിറക്കി. അധ‍്യാപികയുടെ യുപിഎസ്ടി തസ്തികയിലെ നിയമനം ഉപാധികളോടെ അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അധ‍്യാപികയുടെ ശമ്പളവും മറ്റു ആനുകൂല‍്യങ്ങളും മൂന്നു മാസത്തിനകം വിതരണം ചെയ്യാൻ പത്തനംതിട്ട ജില്ലാ വിദ‍്യാഭ‍്യാസ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇത് പാലിക്കാത്ത ഉദ‍്യോഗസ്ഥർക്കെതിരേയാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി വ‍്യക്തമാക്കി.