പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വെളളാപ്പളളി നടേശൻ
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അധിക്ഷേപിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. സതീശൻ ഈഴവ വിരോധിയാണെന്നും ഈഴവനായ കെ. സുധാകരനെ സതീശൻ ഒതുക്കിയെന്നും വെളളാപ്പളളി പറഞ്ഞു.
ചുക്കും ചുണ്ണാമ്പും അറിയാത്ത നേതാവാണ് സതീശനെന്ന് അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രിയാകാന്‍ നടക്കുകയാണെന്നും സ്ഥാനം ഉറപ്പിക്കാനുള്ള നീക്കമാണെന്നും വെള്ളാപ്പള്ളി വി.ഡി. സതീശനെ കുറ്റപ്പെടുത്തി. എസ്എന്‍ഡിപി നേതൃസംഗമം മൂവാറ്റുപുഴ പണ്ടപ്പിള്ളിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളം കണ്ടതിൽ വച്ച് ഇങ്ങനെ ഒരു പരമ പ***നെ താൻ കണ്ടിട്ടില്ലെന്നും, പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മാന്യതയും മര്യാദയും കൊടുത്ത് സതീശൻ സംസാരിക്കുന്നുണ്ടോയെന്നും വെളളാപ്പളളി. താൻ 89 ലേക്ക് പ്രവേശിക്കാൻ പോവുകയാണ്. അതിനിടെ ഒരുപാട് രാഷ്ട്രീയക്കാരെ കണ്ടിട്ടുണ്ട്. ഇത്തരം തറ പറയുന്നൊരു വിഡ്ഢിയെ കണ്ടിട്ടില്ല.
കെപിസിസി പ്രസിഡന്‍റ് ഈഴവനായത് കൊണ്ട് അദ്ദേഹത്തെ ഒതുക്കികളഞ്ഞു. പിണറായിയെയും കെപിസിസി പ്രസിഡന്‍റിനെയും എന്നെയും സതീശൻ ചീത്ത പറയുകയാണ് പതിവ്. സതീശന് തന്നെ കണ്ടുകൂടായെന്നും വെളളപ്പളളി പറഞ്ഞു.
കേരള രാഷ്ട്രീയത്തിൽ സതീശനെപോലെ അധഃപതിച്ച ഒരു രാഷ്ട്രീയ നേതാവില്ലെന്നും വെളളാപ്പളളി പറഞ്ഞു. ഒരു ചുക്കും ചുണ്ണാമ്പും അറിയാൻ പാടില്ല. അവർ പറയുമ്പോൾ ഒത്തു പറഞ്ഞ് സ്ഥാനം അടിച്ചെടുക്കണം. മുസ്‌ലിം ലീഗിന് ഒത്തുപറയണം. എന്നിട്ട് അടുത്ത സ്ഥാനം ഉറപ്പിക്കണം. സതീശൻ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയാണ് നടക്കുന്നത്.
ഈ സൈസ് തറയെയൊക്കെ പിടിച്ച് മുകളിലോട്ട് പോയാൽ കേരള രാഷ്ട്രീയത്തിൽ ഈ പറയുന്ന എല്ലാവരേയും യോജിപ്പിച്ചു കൊണ്ടുപോകാൻ വല്ല കഴിവും ഉണ്ടോ.
ആരെയെങ്കിലും ചീത്ത പറയാൻ കൊണ്ടിരുത്തുക. ആരെയെങ്കിലും ചീത്ത പറയാൻ സതീശനെക്കൊണ്ട് പറയിപ്പിക്കുക. അല്ലാതെ മാന്യമായി സംസാരിക്കാനോ പറയാനോ മാന്യമായി കൈകാര്യം ചെയ്യാനോ സതീശന് കഴിയില്ല. ചെന്നിത്തല ആരെയെങ്കിലും ചീത്ത പറഞ്ഞിട്ടുണ്ടോ. എത്ര പാരമ്പര്യം ഉള്ള നേതാവാണ് ചെന്നിത്തലയെന്നും വെളളാപ്പളളി പറഞ്ഞു.