വി.വി രാജേഷ് | കെ.ബി ഗണേഷ് കുമാർ
തിരുവനന്തപുരം: തലസ്ഥാനത്തെ സിറ്റി ബസ് (ഇലട്രിക് ബസ്)വിവാദത്തില്‍ ഗതാഗതമന്ത്രിയും തിരുവനന്തപുരം മേയറും തുറന്നപോരിലേക്ക്. നഗരസഭയ്ക്ക് അനുവദിച്ച ഇലട്രിക് ബസുകൾ നഗരത്തിന് പുറത്തേക്ക് സർവീസ് നടത്തുന്നുണ്ടെന്നും ഇത് നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്നുമുള്ള മേയർ വി.വി രാജേഷിന്‍റെ പരാമർശമാണ് ഗതാഗതമന്ത്രിയെ ചൊടിപ്പിച്ചത്. മേയർ 113 ബസുകളും തിരികെ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ തിരിച്ചയയ്ക്കുമെന്നും പകരം 150 ബസ് കെഎസ്ആർടിസി സിറ്റിയിൽ ഇറക്കുമെന്നും ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു.
കോർപ്പറേഷന് വണ്ടികൾ തിരികെ കൊടുത്താൽ കെഎസ്ആർടിസിയുടെ സ്ഥലത്ത് ഇടാൻ സമ്മതിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് മേയർ തന്നോട് സംസാരിച്ചിട്ടില്ല. മേയറിനെ ആരോ തെറ്റ് ധരിപ്പിച്ചതാണ്. വാഹനങ്ങൾ സന്തോഷത്തോടെ തിരികെ കൊടുക്കാൻ തയ്യാറാണ്. ഡ്രൈവറും വർക്ക് ഷോപ്പും കണ്ടക്ടറും എല്ലാം കെഎസ്ആർടിസിയുടെതാണെന്നും മന്ത്രി വിശദീകരിച്ചു.
കോർപ്പറേഷൻ ബസുകൾ വാങ്ങിയത് കേന്ദ്ര പദ്ധതിയിൽ എന്ന് പറയാൻ കഴിയില്ല. സംസ്ഥാന വിഹിതം 500 കോടിയാണ്. 60 ശതമാനം വിഹിതവും സംസ്ഥാനത്തിന്‍റേതാണ്. 113 വാഹനങ്ങളും കോർപ്പറേഷൻ ഈ രീതിയിൽ വാങ്ങിയതാണ്. മൂന്നു പാർട്ടികളുമായുള്ള എഗ്രിമെന്‍റാണ്. സങ്കീർണമായ മെയിന്‍റനന്‍സ് ഉള്ളതുകൊണ്ട് മറ്റൊരു ജില്ലയിലേക്കും നിലവിൽ ഓടിക്കുന്നില്ല. ബാറ്ററി നശിച്ചാൽ മാറ്റിവയ്ക്കാൻ 28 ലക്ഷം രൂപ വേണം. അതേസമയം, ആറ്റിങ്ങൽ, നെയ്യാറ്റിൻകര മേഖലകളിൽ നിന്നുള്ള ജനങ്ങൾക്ക് സിറ്റിയിലേക്കെത്താനുള്ള ബസ് ഓടിക്കാൻ അനുവദിക്കില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല.
ബസ് തിരികെ വേണമെന്ന് ആവശ്യപ്പെട്ട് സിഎംഡിക്ക് ഒരു കത്ത് കൊടുത്താൽ മാത്രം മതിയെന്നും മന്ത്രി പറഞ്ഞു. അതേസമയം, ബസുകൾ തിരികെ വേണ്ടെന്നും അതിന്‍റെ നല്ലകാലമൊക്കെ കഴിഞ്ഞെന്നും മേയർ വി.വി രാജേഷും തിരിച്ചടിച്ചു. എന്നാൽ, കോർപ്പറേഷന് ലാഭവിഹിതം വേണം. കോർപ്പറേഷനുമായുള്ള കരാർ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2023 ഫെബ്രുവരി 27ന് സ്മാർട്ട്‌സിറ്റിയും കെഎസ്ആർടിസിയും കോർപ്പറേഷനും ഒരു കരാറുണ്ടക്കിയിട്ടുണ്ട്. കരാർ പ്രകാരം പീക് ടൈമിൽ 113 ബസുകളും നഗരപരിധിയിൽ ഓടണം. അതിന് ശേഷം മറ്റുള്ള സ്ഥലങ്ങളിലോടാം. അത് ലംഘിച്ചിരിക്കുന്നു. കോർപ്പറേഷനുമായി കൂടിയാലോചിച്ച് വേണം റൂട്ട് നിശ്ചയിക്കാൻ. അതുണ്ടായിട്ടില്ല.
വരുമാനം വീതിക്കണമെന്നും ഈ കരാറിൽ പറഞ്ഞിട്ടുണ്ട്. ഇത് ലംഘിച്ചുകൊണ്ടാണ് ഇലക്ട്രിക് ബസ് സർവീസ് നടത്തിവരുന്നതെന്നും വി.വി.രാജേഷ് പറഞ്ഞു.കത്ത് കൊടുത്താൽ ബസ് തിരികെ തരാമെന്നാണ് മന്ത്രി പറയുന്നത്. തങ്ങൾക്ക് അങ്ങനെ ഒരു പ്ലാൻ ഇല്ല. ഇലക്ട്രിക് ബസിന്‍റെ ബാറ്ററിയുടെ ലൈഫ് ഒക്കെ തീരാനായി. ജനങ്ങൾ തെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമായും ആവശ്യപ്പെട്ടത് ഇട റോഡുകളിലേക്കുള്ള സർവീസ് ആണ്. കൂലിപ്പണിക്കാരായ പാവങ്ങൾ കരഞ്ഞുകൊണ്ട് ഞങ്ങളോട് ബസ് വേണമെന്ന് പറഞ്ഞു. ഈ കാരണങ്ങൾ കൊണ്ടാണ് വിഷയം ശ്രദ്ധയിൽപെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയുടെ വാക്കുകൾക്ക് മേയർ മറുപടി നൽകിയതോടെ മേയറുടെ ആവശ്യം സർക്കാർ അംഗീകരിക്കുമോയെന്നതാണ് ഇനി അറിയേണ്ടത്.