സുരേഷ് ഗോപി
file image
തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ പൊലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. എഡിജിപി എച്ച്. വെങ്കിടേഷിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വച്ച് അതീവ രഹസ്യമായായിരുന്നു ചോദ്യം ചെയ്യൽ.
ചടങ്ങുകള്‍ അലങ്കോലമായതിന്‍റെ പേരില്‍ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചതിനു പിന്നാലെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
മറ്റു വാഹനങ്ങള്‍ക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് സിപിഐയും കോൺഗ്രസും ആരോപണം ഉന്നയിച്ചിരുന്നു.
അതേസമയം, പൂരം നടത്തിപ്പിൽ പ്രതിസന്ധിയുണ്ടെന്ന് ബിജെപി പ്രവർത്തകർ അറിയിച്ചതിനെത്തുടർന്ന് പ്രശ്നം പരിഹരിക്കാനാണ് താൻ സ്ഥലത്തെത്തിയതെന്നാണ് സുരേഷ് ഗോപിയുടെ വാദം.