കൊല്ലം: അമിത വേഗത്തിൽ സഞ്ചരിച്ച സ്വകാര്യ ബസിന്‍റെ പെർമിറ്റ് റദ്ദാക്കിയ സംഭവത്തിൽ പ്രതികരിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. കോതമംഗലത്തെ കെഎസ്ആർടിസി ടെർമിനൽ ഉദ്ഘാടനത്തിനിടെയാണ് സംഭവം. ഹോൺ മുഴക്കി അമിത വേഗത്തിൽ ബസ് പാഞ്ഞു പോകുകയും അതേ പോലെ തിരിച്ചു വരുകയും കണ്ടതു കൊണ്ടാണ് നടപടിയെടുക്കാൻ നിർദേശിച്ചതെന്നും ഡ്രൈവർ മഹാനാണെങ്കിൽ ക്ഷമ ചോദിച്ചേക്കാമെന്നും മന്ത്രി പറഞ്ഞു.
വളരെ പതിയെ വന്ന് പോകേണ്ട സ്ഥലത്താണ് ഇത്തരം സർക്കസ് കാണിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിയമവിരുദ്ധമായ കാര്യങ്ങൾ അനുവദിക്കാനാകില്ല. അനാവശ്യമായി ഹോൺ അടിക്കരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
ഇലക്‌ട്രിക് ഹോണാണ് അടിച്ചതെന്നും ഹോൺ ജാം ആയപ്പോൾ താൻ വയർ വലിച്ചു പൊട്ടിച്ച് വളരെ പതുക്കേയാണ് അകത്തേക്കു കയറിയതെന്നും പെർമിറ്റ് റദ്ദാക്കപ്പെട്ട ഐഷാസ് എന്ന ബസിന്‍റെ ഡ്രൈവർ അജയൻ അവകാശപ്പെട്ടിരുന്നു. എന്നാൽ സ്റ്റാൻഡിലേക്കും കയറിയപ്പോഴും ഇറങ്ങിയപ്പോഴും ഹോൺ ജാം ആയിരുന്നുവോയെന്ന് മന്ത്രി ചോദിച്ചു.