ഇടുക്കിയിൽ നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മരം വീണ് അപകടം; ഒരു മരണം
കുമളി: കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് മുകളില്‍ വന്‍മരം കടപുഴകി വീണ് യുവാവിന് ദാരുണാന്ത്യം. കുറിച്ചി ചുളപ്പറമ്പില്‍ മനോജിന്‍റെ മകന്‍ ശ്രീജിത്ത് മനോജ് (19) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ഓടെ കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാതയില്‍ കുമളി അതിര്‍ത്തിയില്‍ തമിഴ്നാട് വന പ്രദേശത്തായിരുന്നു സംഭവം.
കുമളി ശംസുല്‍ ഇസ്‌ലാം ജമാഅത്ത് ഖബര്‍സ്ഥാന് എതിര്‍വശത്തു നിന്നിരുന്ന വന്‍മരമാണ് ലോറിയുടെ മുകളിലേക്ക് വീണത്. കനത്ത കാറ്റിലും മഴയിലുമാണ് മരം നിലംപൊത്തിയത്. പാലായില്‍ നിന്നും പെരിയകുളത്തേക്ക് ലോഡുമായി എത്തിയ ലോറി തകരാറിലായതിനെത്തുടര്‍ന്ന് അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിട്ടപ്പോഴായിരുന്നു അപകടം.
അപകട സമയത്ത് ലോറിക്കുള്ളിലുണ്ടായിരുന്ന രണ്ടു പേരെ ഉടനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഡ്രൈവറായ മനോജ്, സഹായി റോഷന്‍ എന്നിവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. യാത്രയോട് താത്പര്യമുള്ള ശ്രീജിത്ത് സുഹൃത്തിനൊപ്പം സ്ഥലങ്ങള്‍ കാണാൻ പോയതായിരുന്നു. ലോറിക്കുള്ളില്‍ കുടുങ്ങിയ ശ്രീജിത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൂന്നു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.