ജാഗ്രത!! അള്‍ട്രാവയലറ്റ് രശ്മികളെ ശ്രദ്ധിക്കുക; സംസ്ഥാനത്ത് റെഡ് അലർട്ട്
തിരുവനന്തപുരം: വേനൽച്ചൂട് കൂടുന്നതോടൊപ്പം സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ് തുടരുന്നു. അൾട്രാവയലറ്റ് വികിരണത്തിന്‍റെ തോത് വർധിച്ചതായും ഇതുമൂലം വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെലോ അലർട്ട് പ്രഖ്യാപിക്കുന്നതായും ദുരന്തനിവാരണ അഥോറിറ്റി വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് മൂന്നാറിലാണ് (ഇടുക്കി). അള്‍ട്രാ വയലറ്റ് സൂചിക 11 ആണ് ഇവിടെ രേഖപ്പെടുത്തിയത്. മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് നല്‍കുന്ന റെഡ് അലർട്ടാണ് ഇവിടങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ളത്.
കൂടാതെ, കേന്നി (9), കൊട്ടാരക്കര (9), ചെങ്ങന്നൂര്‍ (9), ചെങ്ങനാശേരി (9), പൊന്നാനി (9), തൃത്താല (8) എന്നിവിടങ്ങളില്‍ ഓറഞ്ച് അലർട്ടും കളമശേരി (7), ബേപ്പൂർ (7), ഒല്ലൂർ (7), മാനന്തവാടി (7) വിളപ്പിൽശാല (6) എന്നിവിടങ്ങളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അള്‍ട്രാ വയലറ്റ് സൂചിക 6 മുതൽ 7 വരെയെങ്കിൽ യെലോ അലർട്ടും 8 മുതല്‍ 10 വരെ ഓറഞ്ച് അലർട്ടും 11നു മുകളിലേങ്കിൽ റെഡ് അലർട്ടുമാണ് നല്‍കുക.
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. അതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു.