മൊബൈൽ വെളിച്ചത്തില്‍ പതിനൊന്നുകാരന്‍റെ തലയിൽ തുന്നലിട്ട സംഭവം; നഴ്‌സിങ് അസിസ്റ്റന്‍റിനെ സസ്‌പെന്‍റ് ചെയ്തു 
Kerala

മൊബൈൽ വെളിച്ചത്തില്‍ പതിനൊന്നുകാരന്‍റെ തലയിൽ തുന്നലിട്ട സംഭവം; നഴ്‌സിങ് അസിസ്റ്റന്‍റിനെ സസ്‌പെന്‍റ് ചെയ്തു

കഴിഞ്ഞ ഒന്നാം തീയതി വൈകീട്ടായിരുന്നു സംഭവം

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയില്‍ മൊബൈൽ ഫോൺ വെട്ടത്തിൽ പതിനൊന്നുകാരന്‍റെ തലയിൽ തുന്നിക്കെട്ടിയ സംഭവത്തിൽ ആരോഗ്യ വകുപ്പിന്‍റെ നടപടി. നഴ്‌സിങ് അസിസ്റ്റന്‍റ് വാലേച്ചിറ വി.സി. ജയനെ സസ്‌പെന്‍റ് ചെയ്തു. ആരോഗ്യ വകുപ്പിന്‍റെ അന്വേഷണത്തിനു പിന്നാലെയാണ് നടപടി.

ജയന്‍റേയും കുട്ടിയുടെ മാതാപിതാക്കളുടേയും മൊഴി അന്വേഷണത്തിന്‍റെ ഭാഗമായി രേഖപ്പെടുത്തിയിരുന്നു. കുട്ടിയുടെ അമ്മയോട് ഡീസല്‍ ചെലവ് കാരണമാണ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പാക്കത്തതെന്ന് പറഞ്ഞ് കുട്ടിയുടെ അമ്മയെ ജയന്‍ തെറ്റിദ്ധരിപ്പിക്കുകയും സ്ഥാപനത്തെ പൊതുസമൂഹത്തില്‍ മോശമായി ചിത്രീകരിക്കുകയും ചെയ്‌തെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്.

കഴിഞ്ഞ ഒന്നാം തീയതി വൈകീട്ടായിരുന്നു സംഭവം. ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേല്‍ സുജിത്ത്- സുരഭി ദമ്പതികളുടെ മകന്‍ എസ് ദേവതീര്‍ഥിനാണ് വീടിനുള്ളില്‍ തെന്നിവീണ് തലയുടെ വലതുവശത്ത് പരുക്കേറ്റത്. തുടർന്ന് കുട്ടിയെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഇവിടെ കറന്‍റില്ലെന്ന് പറഞ്ഞ നഴ്സിങ് അസ്സ്റ്റന്‍റ് ജയൻ ഡ്രസിങ് മുറിയിലേക്ക് മാറ്റി. ഇവിടെ ഇരുട്ടാണല്ലോ, കറന്‍റില്ലേ എന്ന് മാതാപിതാക്കൾ ചോദിച്ചതോടെ ജനറേറ്ററിന് ഡീസല്‍ ചെലവ് കൂടുതലാണെന്നായിരുന്നു നഴ്സിങ് അസിസ്റ്റന്‍റെ മറുപടി.

ഈ സംവത്തിന്‍റെ വീഡിയോ വൈറലായി. മൊബൈലിന്‍റെ വെളിച്ചത്തില്‍ മുറിവ് ഡ്രസ് ചെയ്ത് തുന്നലിടാന്‍ അത്യാഹിത വിഭാഗത്തിലേക്ക് ദേവതീര്‍ഥിനെ എത്തിച്ചു. അവിടെയും വൈദ്യുതി ഇല്ലാത്തതിനാല്‍ ജനലിന്‍റെ അരികില്‍ ദേവതീര്‍ഥിനെ ഇരുത്തി മൊബൈലിന്‍റെ വെളിച്ചത്തില്‍ ഡോക്ടര്‍ തുന്നലിടുകയായിരുന്നുവെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണം.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം