file image
തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദനത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഷാഫി പറമ്പിലിന്‍റെ ചോരയ്ക്ക് പ്രതികാരം ചോദിക്കുമെന്നു പറഞ്ഞ സതീശൻ ഷാഫിയെ ആക്രമിച്ച പൊലീസുകാർക്കെതിരേ കർശന നടപടി വേണമെന്ന് ആവശ‍്യപ്പെട്ടു. സർക്കാരിനെ പ്രതിരോധിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും പ്രതിപക്ഷ നേതാവ് വ‍്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു പേരാമ്പ്ര സികെജി കോളെജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫും എൽഡിഎഫും തമ്മിൽ തർക്കമുണ്ടായതും പൊലീസ് ലാത്തിചാർജിൽ ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റതും.
പേരാമ്പ്ര സികെജി കോളെജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു ചെയർമാൻ സ്ഥാനം സ്വന്തമാക്കിയിരുന്നു. തൊട്ടു പിന്നാലെ യുഡിഎഫ് നടത്തിയ ആഘോഷ പ്രകടനം പൊലീസ് തടഞ്ഞതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തർക്കത്തെത്തുടർന്ന് യുഡിഎഫ് പേരാമ്പ്രയിൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു.
ഇതിനു ശേഷം പ്രതിഷേധ റാലിയും നടത്തിയിരുന്നു. അതേ സമയം തന്നെ ഡിവൈഎഫ്ഐയും പ്രതിഷേധറാലി നടത്തി. എൽഡിഎഫും യുഡിഎഫും പരസ്പരം ഏറ്റുമുട്ടുമെന്ന സാഹചര്യം വന്നപ്പോഴാണ് പൊലീസ് ഇടപെട്ടത്. പിന്നീട് കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.