മുഹമ്മദ് റിയാസ്, വീണ
കോഴിക്കോട്: തന്‍റെ ഭാര്യ വീണയെ അന്വേഷണ ഏജൻസികളും മാധ്യമങ്ങളും ചേർന്ന് നിരന്തരം വേട്ടയാടുകയാണെന്ന് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. ആളുകളെ ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുക്കുന്നതെന്നും റിയാസ് പറഞ്ഞു. വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് റിയാസിന്‍റെ രൂക്ഷപ്രതികരണം.
മാസപ്പടി കേസിൽ നൽകിയ മൊഴിയിൽ പിണറായി വിജയന്‍റെ പേര് പറയാൻ വീണയെ പലതവണ നിർബന്ധിച്ചു. എന്നാൽ വീണ അതിന് വഴങ്ങിയില്ല. ജീവിച്ചിരിക്കുന്ന തന്‍റെ പച്ച ഇറച്ചി കടിച്ചുതിന്നുന്ന അവസ്ഥയാണിപ്പോൾ. വീടുകളിൽ നടത്തിയ പരിശോധനകളിൽ 25 പൈസ പോലും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആളുകളെ പേടിപ്പിച്ച് എടുക്കുന്ന മൊഴി പിന്നീട് മാധ്യമങ്ങൾക്ക് നൽകുന്നത് ശരിയായ രീതിയല്ലെന്നും റിയാസ് വ്യക്തമാക്കി.
സത്യസന്ധമായാണ് രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. ഭയന്ന് നിൽക്കാനല്ല പാർട്ടി പഠിപ്പിച്ചത്. രേഖകളിൽ ഒപ്പിടുന്നത് സാധാരണ നടപടിക്രമമാണെന്നും പുതിയ ഡിജിറ്റൽ കാലത്ത് എന്തുവേണമെങ്കിലും ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. താനും വീണയും പലപ്പോഴും ദുബായിൽ പോയിട്ടുണ്ടെന്നും അതെല്ലാം ഹവാല പണം കടത്താനായിരുന്നോ എന്നും റിയാസ് ചോദിച്ചു.
എക്‌സാലോജിക് സേവനം നൽകിയതിനുള്ള പ്രതിഫലമാണ് കൈപ്പറ്റിയതെന്നും എന്ത് സേവനമാണ് നൽകിയതെന്ന് നേരത്തേ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും റിയാസ് പറഞ്ഞു. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.