Kerala

കോട്ടയം മെഡിക്കൽ കോളെജ് സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്ക് നിർമാണോദ്ഘാടനം ഏപ്രിൽ 25ന്; വി.എൻ വാസവൻ

മെഡിക്കൽ കോളെജിലെത്തുന്നവർക്ക് ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിന് അടിപ്പാത നിർമിക്കും

കോട്ടയം: കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലെ സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്കിന്‍റെ നിർമാണോദ്ഘാടനം ഏപ്രിൽ 25ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. കോട്ടയം മെഡിക്കൽ കോളെജ് ആശുപ്രതി വികസനസമിതിയുടെ പദ്ധതിയിലൂടെ ഒരു വർഷം കൊണ്ട് 1000 താക്കോൽദ്വാര ശസ്ത്രക്രിയ (ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ) വിജയകരമായി പൂർത്തീകരിച്ചതിന്‍റെ ഭാഗമായി നടന്ന ആഘോഷപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മെഡിക്കൽ കോളെജിലെത്തുന്നവർക്ക് ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിന് അടിപ്പാത നിർമിക്കും. ഇതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഉടൻ പ്രവൃത്തി ആരംഭിക്കും. തിരക്കേറിയ പാത മുറിച്ചുകടക്കാനുള്ള ബുദ്ധിമുട്ട് ഇതോടെ ഒഴിവാകുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ മികച്ച സർജറി വിഭാഗമായി കോട്ടയം മെഡിക്കൽ കോളെജ് മാറിയിട്ടുണ്ട്. പി.ജി വിദ്യാർഥികൾ പഠനത്തിനായി കോട്ടയം മെഡിക്കൽ കോളെജ് തേടിയെത്തുന്ന സ്ഥിതിയുണ്ട്. മെഡിക്കൽ കോളെജിന്റെ വികസനത്തിനായി വലിയ പിന്തുണയാണ് സർക്കാർ നൽകുന്നത്. ഡോക്റ്റർമാരുടെയും ജീവനക്കാരുടെയും അർപ്പണ മനോഭാവത്തോടെയുള്ള സേവനങ്ങളാണ് ദക്ഷിണേന്ത്യയിലെ മികച്ച മെഡിക്കൽ കോളെജായി കോട്ടയത്തെ മാറ്റുന്നതിന് സഹായകമാകുന്നതെന്നും എല്ലാവരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. പദ്ധതി ആരംഭിക്കുന്നതിന് മുൻകൈയെടുത്ത ഡോക്റ്റർമാരായ പ്രൊഫ. പി.ജി.ആർ പിള്ള, പ്രൊഫ. എം.എൻ. ശശികുമാർ എന്നിവരെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡോക്റ്റർമാരെയും ആശുപത്രി ജീവനക്കാരെയും ആദരിച്ചു.

പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ അധ്യക്ഷത വഹിച്ചു. വകുപ്പു മേധാവി ഡോ. വി. അനിൽകുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാർ, ഡോ. എസ്. സുനിൽ, നഴ്‌സിങ് ഓഫീസർ സുജാത എന്നിവർ പ്രസംഗിച്ചു.

കഴിഞ്ഞവർഷം മാർച്ചിലാണ് ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ ആരംഭിച്ചത്. ശരീരത്തിലെ ചെറിയ മുറിവിലൂടെ നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുന്ന രീതിയാണ് ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ. 3ലക്ഷം രൂപ വരെ ചെലവു വരുന്ന ശസ്ത്രക്രിയകളാണിത്. സർക്കാരിന്റെ വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികളിലൂടെ സൗജന്യമായാണ് മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയ സേവനം നൽകുന്നത്. അടിവയറ്റിലെ മുഴകൾ, ഹെർണിയ, അന്നനാളം ആമാശയം എന്നിവയിലെ അർബുദ ഭാഗങ്ങൾ നീക്കം ചെയ്യൽ അടക്കമുള്ള ശസ്ത്രക്രിയകളാണ് നടത്തിയതെന്ന് ഡോ. വി. അനിൽ കുമാർ പറഞ്ഞു. വലിയ മുറിവുകൾ ഉണ്ടാകുന്നില്ല, വേദന കുറവാണ്, അണുബാധയുടെ സാധ്യത കുറവാണ്, ശസ്ത്രക്രിയ സമയത്തെ രക്തസ്രാവം കുറയ്ക്കുന്നു, ആശുപത്രിവാസം കുറവ് എന്നിവ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയുടെ മേന്മകളാണ്.

വനിതാ നേതാവിന്‍റെ വീട്ടിൽ കയറിയ സിപിഎം എംഎൽഎയെ ഭർത്താവ് പിടികൂടി

''മാപ്പ് അർഹിക്കുന്നില്ല, മുത്തങ്ങ സമരത്തിൽ പങ്കെടുത്തവർക്ക് ഭൂമി ലഭിക്കണം''; ആന്‍റണിക്കെതിരേ സി.കെ. ജാനു

'പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക'; യൂത്ത് കോൺഗ്രസ് നേതാവിനെതിരേ പോസ്റ്ററുകൾ

ഉത്തരാഖണ്ഡ് മേഘവിസഫോടനം; അഞ്ച് പേരെ കാണാതായി

പൊലീസ് ട്രെയിനിയെ എസ്എപി ക‍്യാംപിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി