ജനമനവീഥിയിൽ വിഎസ്

 
Kerala

ജനമനവീഥിയിൽ വിഎസ്

തലസ്ഥാനത്തെ വേലിക്കകത്ത് വീട്ടിൽ നിന്ന് ചൊവ്വാഴ്ച രാവിലെയാണ് ഭൗതികദേഹം ദർബാർ ഹാളിലെത്തിച്ചത്.

പ്രത്യേക ലേഖകൻ

തിരുവനന്തപുരം/ ആലപ്പുഴ: ജനസഹസ്രങ്ങളുടെ ആദരവ് ഏറ്റുവാങ്ങി രക്തസാക്ഷികൾ ഉറങ്ങുന്ന ആലപ്പുഴ വലിയ ചുടുകാടിലേക്കുള്ള യാത്രയിലാണ് കേരളത്തിന്‍റെ ജനകീയ നേതാവ് വി.എസ്. അച്യുതാനന്ദൻ. ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിക്ക് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നിന്ന് ആരംഭിച്ച അദ്ദേഹത്തിന്‍റെ അന്ത്യയാത്ര ആലപ്പുഴയിലെ വേലിക്കകത്ത് കുടുംബ വീട്ടിലെത്താൻ സമയമേറെയെടുക്കും.

തലസ്ഥാനത്തെ വേലിക്കകത്ത് വീട്ടിൽ നിന്ന് ചൊവ്വാഴ്ച രാവിലെയാണ് ഭൗതികദേഹം ദർബാർ ഹാളിലെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ തന്നെ തിരുവനന്തപുരത്തെ വി.എസിന്‍റെ വീട്ടിലെത്തി ഭാര്യ വസുമതി, മകൻ ഡോ. അരുൺകുമാർ, മറ്റു ബന്ധുക്കൾ എന്നിവരെ കണ്ടിരുന്നു. വി.എസിനോടുള്ള ആദരസൂചകമായും സംസ്കാരം നടക്കുന്നതിനാലും ബുധനാഴ്ച ആലപ്പുഴ ജില്ലയിൽ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയായിരിക്കെ വി.എസ് തന്നെ ഉദ്ഘാടനം ചെയ്ത് നിരത്തിലിറക്കിയ കെഎസ്ആര്‍ടിസിയുടെ പ്രത്യേക എസി ലോ ഫ്ലോർ ബസിലാണ് അദ്ദേഹത്തിന്‍റെ ഭൗതികശരീരവുമായി ആലപ്പുഴയിലേക്കുളള വിലാപയാത്ര പോയത്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പൊയിലെ ടി.പി. പ്രദീപും, വികാസ് ഭവന്‍ ഡിപ്പൊയിലെ കെ. ശിവകുമാറുമാണ് ബസിന്‍റെ സാരഥികള്‍. മുതിർന്ന സിപിഎം നേതാക്കൾക്കൊപ്പം വിവിധയിടങ്ങളിലെ പാർട്ടി ചുമതലയിലുള്ളവരും ബസിനുള്ളിലുണ്ട്. പ്രധാന ബസിനെ അനുഗമിക്കാന്‍ മറ്റൊരു ബസും ഒരുക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസിലും പീന്നീട് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായിരിക്കെ കവടിയാർ ഹൗസിലുമായിരുന്നു വി.എസിന്‍റെ താമസം. ഒടുവിൽ മകൻ ഡോ. വി.എ. അരുൺകുമാറിന്‍റെ ബാർട്ടൺ ഹില്ലിലെ വേലിക്കകത്ത് വസതിയിയിൽ നിന്നും നേരിയ മഴച്ചാറ്റലിൽ പുറത്തേക്ക് വിഎസിനെ ഇറക്കിയപ്പോൾ മുദ്രാവാക്യങ്ങൾക്കൊപ്പം തലസ്ഥാനത്തിന്‍റെ ഹൃദയവും തേങ്ങി.

ആലപ്പുഴ നഗരത്തിൽ ഭൗതികദേഹമെത്തിയാൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ അന്തിമോപചാരം അര്‍പ്പിക്കും. പിന്നീട് ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം. വൈകുന്നേരത്തോടെ വലിയ ചുടുകാടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനം.

ചൊവ്വാഴ്ച തിരുവനന്തപുരത്തെ വീട്ടിലും സെക്രട്ടേറിയറ്റിലും വി.എസിനെ കാണാൻ ജനം ഒഴുകിയെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മന്ത്രിമാരായ വി. ശിവന്‍കുട്ടി, കെ.ബി. ഗണേഷ് കുമാർ, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ ഒരുക്കങ്ങള്‍ക്കു നേതൃത്വം നല്‍കി.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, സ്പീക്കർ എ.എൻ. ഷംസീർ, സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, മുതിര്‍ന്ന നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ, സിപിഐ സെക്രട്ടറി ആനി രാജ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ ഗവർണർ കുമ്മനം രാജശേഖരൻ, പ്രതിപക്ഷ നേതാക്കള്‍, സാമൂഹിക- സിനിമാ- സമുദായ നേതാക്കള്‍, പുരോഹിതര്‍, വ്യവസായികൾ തുടങ്ങി നിരവധി പേരാണ് വി.എസിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയത്.

ഓറഞ്ച് അലർട്ട്; എറണാകുളം,ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഫോറൻസിക് റിപ്പോർട്ട് ലഭിച്ചില്ല; അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും

ആറന്മുള വള്ളസദ്യയിൽ ആചാരലംഘനമെന്ന് പള്ളിയോട സേവാ സംഘം

പഴയ കെട്ടിടങ്ങൾ പൊളിക്കുന്നത് ദ്രുതഗതിയിലാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

ചക്കയും അരിഷ്ടവും പ്രശ്നമാകില്ല; ബ്രെത്തനലൈസറിനു മുൻപ് എയർ ബ്ലാങ്ക് ടെസ്റ്റ് വേണമെന്ന് ഹൈക്കോടതി