വി.എസ്. അച്യുതാനന്ദൻ

 

file image

Kerala

വിഎസ്... ഇനി വിപ്ലവ സ്മരണ

കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രി, ദീർഘകാലം പ്രതിപക്ഷ നേതാവ്, സിപിഎമ്മിന്‍റെ സ്ഥാപക നേതാക്കളിലൊരാൾ... സമരസപ്പെടാത്ത സമരവീര്യം…

സ്വന്തം ലേഖിക

വിപ്ലവസ്മരണകൾ ബാക്കിയാക്കി മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ യാത്രയായി. 102 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വിവിധ ജീവൻ രക്ഷാ യന്ത്രങ്ങളുടെ സഹായത്തോടെ വിഎസിന്‍റെ ശ്വസനവും രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമിച്ചു വരുകയായിരുന്നു.തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 3.20നായിരുന്നു മരണം സ്ഥിരീകരിച്ചത്. ‍ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ ആയതിനെത്തുടർന്ന് വിഎസിനെ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി വീണാ ജോർജ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ സന്ദർശിച്ചിരുന്നു. ബുധനാഴ്ച ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ സംസ്കാരം നടത്തും.

സിപിഎമ്മിന്‍റെ സ്ഥാപക നേതാക്കളിൽ ജീവിച്ചിരുന്ന അവസാനത്തെയാളാണ് വിഎസ്. 1964ൽ കമ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച 32 നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. ഇതിൽ കേരളത്തിൽനിന്നുള്ള ഏഴു പേരിൽ ഒരാളും.

2006 മുതൽ 2011 വരെയാണ് കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്നത്. ഏറ്റവും കൂടിയ പ്രായത്തിൽ കേരളത്തിലെ മുഖ്യമന്ത്രിയായ വ്യക്തിയാണ് വി.എസ്. കേരളത്തിന്‍റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ വിഎസിന് 83 വയസായിരുന്നു.

ആലപ്പുഴയിലെ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വെന്തലത്തറ വീട്ടിൽ ശങ്കരന്‍റെയും അക്കമ്മയുടെയും മകനായി 1923 ഒക്റ്റോബർ 20നു ജനനം. ഗംഗാധരൻ, പുരുഷോത്തമൻ , ആഴിക്കുട്ടി എന്നിവരാണ് സഹോദരങ്ങൾ. ഏഴാം ക്ലാസോടെ പഠനം അവസാനിപ്പിച്ചു. കുറച്ചു കാലം ജൗളിക്കടയിലും പിന്നീട് കയർ ഫാക്റ്ററിയിലും ജോലി ചെയ്തു. 1938ൽ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായി. 1940ൽ, പതിനേഴാം വയസിലാണ് കമ്യൂണിസ്റ്റ് പാർട്ടി അംഗമായത്. പാർട്ടിയിൽ ചേരാൻ 18 വയസ് വേണമെന്ന നിബന്ധന പി. കൃഷ്ണപിള്ള ഇടപെട്ടാണ് അച്യുതാനന്ദനു വേണ്ടി ഇളവ് ചെയ്തത്.

കുട്ടനാട്ടിലെ കർഷകർക്കിടയിൽ പ്രവർത്തിക്കാൻ വിഎസിനെ നിയോഗിച്ചതും കൃ‌ഷ്ണപിള്ളയായിരുന്നു. അവിടെ നിന്നാണ് പാർട്ടിയുടെ നേതൃ നിരയിലേക്ക് വിഎസ് എത്തുന്നത്. പുന്നപ്ര - വയലാർ സമരത്തിൽ പങ്കെടുക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റ് വാറന്‍റിനെത്തുടർന്ന് ഒളിവിൽ പോയി. പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂരമായ മർദനത്തിനിരയായി. നാലു വർഷം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിലായിരുന്നു.

1952ൽ പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1954ൽ പാർട്ടി സംസ്ഥാന കമ്മിറ്റി അഗംമായി. 1956ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ പദവിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വവും ലഭിച്ചു. ഇഎംഎസിന്‍റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യ മന്ത്രിസഭ രൂപീകരിക്കുന്ന സമയത്ത് വിഎസ് ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്.

1959ൽ കമ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ അംഗമായി. 1964ൽ പാർട്ടി പിളർന്നതോടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം. 1980 മുതൽ 91 വരെ മൂന്നു തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതൽ 2009 വരെ പോളിറ്റ് ബ്യൂറോ അംഗം. 1965 മുതൽ 2016 വരെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. 10 തവണ മത്സരിച്ചതിൽ ഏഴു തവണ വിജയിച്ചു. 1992-96, 2001-2006, 2011-16 നിയമസഭകളിൽ പ്രതിപക്ഷ നേതാവ്. 1998 മുതൽ 2001 വരെ ഇടതു മുന്നണി കൺവീനറുമായിരുന്നു.

'തല നരയ്ക്കുവതല്ലെന്‍റെ വൃദ്ധത്വം തല നരയ്ക്കാത്തതല്ലെന്‍ യുവത്വവും'

ഉപരാഷ്‌ട്രപതി ധൻകർ രാജിവച്ചു; അപ്രതീക്ഷിത രാജി തിങ്കളാഴ്ച രാത്രി

സ്വകാര്യ ബസ് സമരം പിൻവലിച്ചു

ഇരു മെയ്യും ഒരു മനസുമായ വിഎസും യെച്ചൂരിയും

വിഎസിന് വിട; ചൊവ്വാഴ്ച പൊതു അവധി, മൂന്ന് ദിവസം ദുഃഖാചരണം