വയനാട് കൊലപാതകം: കാണാതായ കുട്ടിയെ പ്രതിക്കൊപ്പം കണ്ടെത്തി
file image
വയനാട്: തിരുനെല്ലിയിൽ ആൺസുഹൃത്തിന്‍റെ വെട്ടേറ്റ് മരിച്ച യുവതിയുടെ കാണാതായ മകളെ കണ്ടെത്തി. കൊലപാതകത്തിൽ പ്രതിയും പിടിയിലായി. കൊലപാതകം നടന്ന വീട്ടില്‍നിന്നു മീറ്ററുകള്‍ മാത്രം അകലെ വനമേഖലയോടു ചേർന്നുള്ള ഒഴിഞ്ഞ വീട്ടില്‍ നിന്നാണ് പ്രതി ദിലീഷിനൊപ്പം 9 വയസുകാരിയെ കണ്ടെത്തിയത്.
കൊല നടത്തിയശേഷം പ്രതി കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രിയോടെയാണ് വാകേരിയിലെ വാടക വീട്ടിൽ വച്ച് എടയൂർക്കുന്ന് സ്വദേശി പ്രവീണ കൊല്ലപ്പെട്ടത്. 14 വയസുള്ള മൂത്തമകളുടെ കഴുത്തിനും ചെവിക്കും വെട്ടേറ്റിരുന്നു. മെഡിക്കൽ കോളെജിൽ ചികിത്സയിലുള്ള ഈ കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
കൊലപാതകത്തിനു പിന്നാലെ ഞായറാഴ്ച രാത്രി മുതലാണ് ഇളയ കുട്ടിയെ കാണാതായത്. വനമേഖലയായതും പ്രതികൂല കാലാവസ്ഥയും തെരച്ചിലിന് വെല്ലുവിളിയായിരുന്നു. കുട്ടിയെ കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധന അടക്കം നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പും ചേര്‍ന്ന് വീണ്ടും ആരംഭിച്ച തെരച്ചിലിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്.