ഹാജറ
കോഴിക്കോട്: കാൻസർ ഗുരുതരമായതിനെത്തുടർന്ന് യുവതി മരിച്ച സംഭവത്തിനു പിന്നാലെ ആരോപണവുമായി കുടുംബം. അക‍്യുപങ്ചർ ചികിത്സയാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ചൂണ്ടിക്കാട്ടി പൊലീസിനും ആരോഗ‍്യവകുപ്പിനും പരാതി നൽകി.
കഴിഞ്ഞ ദിവസമായിരുന്നു കുറ്റ‍്യാടി സ്വദേശിനി ഹാജറ കാൻസർ ഗുരുതരമായതിനെത്തുടർന്ന് മരിച്ചത്. ശരീരവേദന മൂലം ഇവർ കുറ്റ‍്യാടിയിലെ അക‍്യുപങ്ചർ കേന്ദ്രത്തിൽ നേരത്തെ ചികിത്സ തേടിയിരുന്നു. ഹാജറയ്ക്ക് സ്താനാർബുദമാണെന്ന് തിരിച്ചറിഞ്ഞിരുന്നതായും എന്നാൽ കുറ്റ‍്യാടിയിലെ വനിതാ അക‍്യുപങ്ചറിസ്റ്റ് രോഗിയെ അറിയിക്കാതെ ചികിത്സ തുടരുകയായിരുന്നുവെന്ന് കുടുംബം പറയുന്നു.
പിന്നീട് ശരീരത്തിൽ നിന്നും പഴുപ്പ് പൊട്ടിയൊലിച്ചപ്പോൾ രോഗം സുഖപ്പെടുമെന്ന് വിശ്വസിപ്പിച്ചതായും തുടർന്ന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ അക‍്യുപങ്ചർ കേന്ദ്രത്തിലേക്ക് വിടുകയും ചെയ്തു. പച്ചവെള്ളവും നാലു അത്തിപ്പഴവുമായിരുന്നു അവർ ഭക്ഷണമായി നിർദേശിച്ചത്.
മറ്റു ഭക്ഷണം കഴിക്കരുതെന്നും അവർ പറഞ്ഞു. തുടർന്ന് ആറു മാസം മുൻപ് ഹാജറയ്ക്ക് കാൻസറാണെന്ന് തിരിച്ചറിയുകയായിരുന്നു. ബംഗളൂരുവിലും കോഴിക്കോടും ചികിത്സിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെയോടെയായിരുന്നു യുവതി മരിച്ചത്.