ഡേറ്റിങ് ആപ്പിൽ പെണ്‍കുട്ടിയാണെന്ന വ്യാജേന സൗഹൃദം; യുവാവിനെ തട്ടിക്കൊണ്ടുപോയ പ്രതികൾ പിടിയില്‍

 
Crime

ഡേറ്റിങ് ആപ്പിൽ പെണ്‍കുട്ടിയാണെന്ന വ്യാജേന സൗഹൃദം; യുവാവിനെ തട്ടിക്കൊണ്ടുപോയ പ്രതികൾ പിടിയില്‍

സംഘത്തിലെ ഒന്നാം പ്രതിയായ ആഷിഖാണ് ആദ്യം പിടിയിലായത്.

തിരുവനന്തപുരം: ഡേറ്റിങ് ആപ്പിലൂടെ പെണ്‍കുട്ടിയാണെന്ന വ്യാജേന വെഞ്ഞാറമൂട് സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ചശേഷം തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന കേസില്‍ നാലുപേര്‍ പിടിയില്‍. മടത്തറ സ്വദേശി മുഹമ്മദ് സല്‍മാന്‍ (19), കൊല്ലായില്‍ സ്വദേശി സുധീര്‍ (24), ചിതറ സ്വദേശി സജിത്ത് (18), കുളത്തൂപ്പുഴ സ്വദേശി ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്.

ആഷിഖിനെ (19) കുളത്തൂപ്പുഴ ഭാഗത്തുനിന്ന് വെഞ്ഞാറമൂട് പൊലീസും മറ്റു മൂന്ന് പോരെ ആലപ്പുഴയിലെ ഹോട്ടലില്‍നിന്ന് ആലപ്പുഴ പൊലീസുമാണ് പിടികൂടിയത്. പരിചയം സ്ഥാപിച്ചശേഷം അക്രമികള്‍ മുക്കുന്നൂര്‍ ഭാഗത്ത് കാറിലെത്തി യുവാവിനെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

വാഹനത്തിൽ യുവാവിനെ നഗ്‌നനാക്കി ഫോട്ടോയെടുത്തശേഷം മൂന്ന് പവന്‍ തൂക്കംവരുന്ന സ്വര്‍ണമാല കൈക്കലാക്കുകയും, മര്‍ദിക്കുകയും ചെയ്തു. ഇതിനുശേഷം യുവാവിനെ പാങ്ങോടിനടുത്ത് സുമതി വളവില്‍ ഉപേക്ഷിക്കുകയായിരുന്നു. അവിടെനിന്ന് രക്ഷപ്പെട്ട യുവാവ് വെഞ്ഞാറമൂട് പൊലീസിന് പരാതി നല്‍കി.

തട്ടിക്കൊണ്ട് പോയി പണം കവര്‍ന്നു എന്നു മാത്രമായിരുന്നു പരാതി. വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുല്‍കലാം നടത്തിയ അന്വേഷണത്തിലാണ് ഡേറ്റിങ് ആപ്പിലൂടെയാണ് താൻ തട്ടിപ്പിനിരയായതെന്ന് യുവാവ് വെളിപ്പെടുത്തിയത്.

സംഘത്തിലെ ഒന്നാം പ്രതിയായ ആഷിഖാണ് ആദ്യം പിടിയിലായത്. ഇയാളിൽ നിന്നാണ് മറ്റു പ്രതികള്‍ ആലപ്പുഴയിലുണ്ടെന്ന സൂചന ലഭിച്ചത്. ഇക്കാര്യം ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജുലാല്‍ ആലപ്പുഴ പൊലീസിനെ അറിയിച്ചു. പുന്നപ്രയിലെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവര്‍.

സിപിഎം ഓഫീസിലേക്ക് ബിജെപി പ്രതിഷേധം; സംഘർഷത്തിൽ കലാശിച്ചു

"ആധാർ കാർഡ് പൗരത്വത്തിന്‍റെ നിർണായക തെളിവല്ല''; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാദം ശരിവച്ച് സുപ്രീം കോടതി

മിന്നൽ പരിശോധന; 16,565 ലിറ്റര്‍ വെളിച്ചെണ്ണ പിടിച്ചെടുത്തു

‌സുരേഷ് ഗോപിയുടെ ഓഫിസ് അക്രമിച്ചത് അപലപനീയം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യയ്ക്ക് തീരുവ ചുമത്തിയത് മോസ്‌കോയ്ക്ക് തിരിച്ചടി: ട്രംപ്