കെഎസ്ഇബി ട്രാൻസ്ഫോർമർ.

 

പ്രതീകാത്മക ചിത്രം

Local

'എന്‍റെ ഫ്യൂസ് ഊരിയാൽ ഞാനും ഊരും', 7 ട്രാൻസ്ഫോറുമറുകളുടെ ഫ്യൂസ് ഊരിയ യുവാവ് പിടിയിൽ

ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് സ്വന്തം വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചതിൽ പ്രകോപിതനായ യുവാവ് ചെയ്തത് വിചിത്രമായ പ്രതികാരം

Local Desk

കാസർഗോഡ്: ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് സ്വന്തം വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചതിൽ പ്രകോപിതനായ യുവാവ് ചെയ്തത് വിചിത്രമായ പ്രതികാരം. ഇയാൾ കാസർഗോഡ് ടൗണിലെ ഏഴ് ട്രാൻസ്ഫോർമറുകളിലെ ഫ്യൂസ് ഊരിയെടുത്തു! ഇതോടെ നഗരത്തിന്‍റെ ചില ഭാഗങ്ങളിൽ ഒരു മണിക്കൂറിലധികം ഇരുട്ടിലായി.

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കാസർഗോഡ് ടൗണിലും സമീപ പ്രദേശങ്ങളിലും ഒരുമിച്ച് കറന്‍റ് പോയതോടെ കെഎസ്ഇബി ഓഫിസിലേക്ക് അവധി ദിവസത്തിലെ അടിയന്തര പ്രളയം പോലെ ഫോൺ കോളുകൾ ഒഴുകിയെത്തി.

"മിനിറ്റുകൾക്കുള്ളിൽ നിരവധി കോളുകൾ വന്നു. ലൈനുകൾ പരിശോധിച്ചപ്പോൾ കുഴപ്പമൊന്നും കണ്ടില്ല. ട്രാൻസ്ഫോർമറുകൾ പരിശോധിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത് – എല്ലാ ഫ്യൂസുകളും ഊരിമാറ്റിയിരിക്കുന്നു!" ഒരു കെഎസ്ഇബി ഉദ്യോഗസ്ഥൻ പറഞ്ഞു.

തുടർന്ന് നടത്തിയ തെരച്ചിലിൽ, ഊരിയെടുത്ത ഫ്യൂസുകൾ ട്രാൻസ്ഫോർമറുകൾക്കരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചിലതിന് കേടുപാടുകൾ സംഭവിച്ചിരുന്നു. കെഎസ്ഇബി ജീവനക്കാർ സ്പെയർ ഫ്യൂസുകൾ ഉപയോഗിച്ച് രാത്രിയോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

ഫ്യൂസ് ഊരുന്ന ഒരാളെ കണ്ടതായി സമീപവാസികൾ കെഎസ്ഇബി ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതോടെയാണ് നെല്ലിക്കുഴി സെക്ഷന് കീഴിലുള്ള ഒരു താമസക്കാരനിലേക്ക് അന്വേഷണം നീണ്ടത്.

"ബിൽ അടയ്ക്കാത്തതിന് കണക്ഷൻ കട്ട് ചെയ്തപ്പോൾ ഇയാൾ നേരത്തെ സെക്ഷൻ ഓഫിസിൽ വന്ന് ബഹളമുണ്ടാക്കിയിരുന്നു," ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രായമായ അച്ഛനൊപ്പമാണ് ഇയാൾ താമസിക്കുന്നതെന്നും, തനിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു.

ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുകൾ വരുത്തുകയും ഒരു മണിക്കൂറിലധികം വൈദ്യുതി തടസ്സപ്പെടുത്തുകയും ചെയ്തതിനാൽ, കെഎസ്ഇബി ഔദ്യോഗികമായി പരാതി നൽകിയ ശേഷം കേസെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു. സ്വന്തം വീട്ടിലെ ലൈറ്റ് കട്ട് ചെയ്തതിന്, ഒരു നഗരത്തിന്‍റെ മൊത്തം ലൈറ്റ് ഓഫ് ചെയ്യാൻ ശ്രമിച്ച ഈ 'ഫ്യൂസ് വീരൻ' ഇപ്പോൾ പൊലീസിന്‍റെ കസ്റ്റഡിയിലാണ്.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എം.വി. ഗോവിന്ദൻ

പാലത്തായി പീഡനം: ബിജെപി നേതാവിന് ജീവപര്യന്തം

പാർട്ടി വിരുദ്ധ പ്രവർത്തനം; മുൻ കേന്ദ്രമന്ത്രി ആർ.കെ. സിങ്ങിനെതിരേ നടപടി സ്വീകരിച്ച് ബിജെപി

നടിയും മോഡലുമായ യുവതിയെ പീഡിപ്പിച്ചു; നിർമാതാവ് അറസ്റ്റിൽ

ഡൽഹി സ്ഫോടനം: 2 ഡോക്റ്റർമാർ കൂടി കസ്റ്റഡിയിൽ