രണ്ടാമതും ടച്ചിങ്സ് ചോദിച്ചു; യുവാവിനെ ബാർ ജീവനക്കാർ മർദിച്ചതായി പരാതി
file image
കൊച്ചി: എറണാകുളത്തെ ബാറിൽ മദ‍്യപിക്കാനെത്തിയ യുവാവിനെ ബാർ ജീവനക്കാർ മർദിച്ചതായി പരാതി. തലക്കോട് സ്വദേശി അനന്തുവിനാണ് മർദനമേറ്റത്.
രണ്ടാമതും ടച്ചിങ്സ് ചോദിച്ചതിനായിരുന്നു മർദനമെന്ന് ആരോപണം. അനന്തുവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
നിലവിൽ കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ് അനന്തു. അനന്തുവിനൊപ്പമുണ്ടായിരുന്ന അനോജിനും പരുക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രിയായിരുന്നു വിഷയത്തിനാസ്പദമായ സംഭവം.
യുവാക്കൾ രണ്ടാമതും ടച്ചിങ്സ് ചോദിച്ചത് തർക്കത്തിനിടയാക്കിയെന്നും പിന്നീട് ബാർ ജീവനക്കാർ യുവാക്കളെ ബിയർ കുപ്പി ഉപയോഗിച്ച് മർദിച്ചെന്നുമാണ് പരാതി. മർദനത്തെ തുടർന്ന് അനന്തു ബോധരഹിതനായി വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനാലാണ് കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റിയത്.