ഇടപ്പള്ളിയിൽ കൊച്ചി മെട്രൊ റെയിൽ കടന്നുപോകുന്ന ഭാഗം. ഇതിനു മുകളിലൂടെയാണ് ആകാശ പാത വിഭാവനം ചെയ്യുന്നത്. 
Local

കൊച്ചി മെട്രൊ പാളത്തിനു മുകളിലൂടെ ഉയരും രണ്ട് ആകാശ പാതകൾ

മെട്രൊ റെയിലും ദേശീയപാതയും സംഗമിക്കുന്ന ഇടപ്പള്ളി, വൈറ്റില ജംക്‌ഷനുകളില്‍ 20 മീറ്ററിലധികം ഉയരത്തിലായിരിക്കും ആകാശപാത കടന്നുപോകുക

MV Desk

ജിബി സദാശിവന്‍

കൊച്ചി: ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരപരിധിയില്‍ രണ്ടിടത്ത് കൂറ്റന്‍ ആകാശപാതകള്‍ക്ക് സാധ്യത തെളിഞ്ഞു. മെട്രൊ റെയിലും ദേശീയപാതയും സംഗമിക്കുന്ന ഇടപ്പള്ളി, വൈറ്റില ജംക്‌ഷനുകളില്‍ 20 മീറ്ററിലധികം ഉയരത്തിലായിരിക്കും ആകാശപാത കടന്നുപോകുക.

പദ്ധതി സംബന്ധിച്ച് ദേശീയ പാത അഥോറിറ്റിയുടെ നേതൃത്വത്തില്‍ വിശദമായ പഠനം ആരംഭിച്ചു. ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ഇടപ്പള്ളിയില്‍ ഉയരമേറിയ ഫ്ലൈഓവര്‍ തന്നെയാണ് മികച്ച പരിഹാരമെന്നാണ് ഹൈബി ഈഡന്‍ എംപി അടക്കമുള്ളവരുടെ നിര്‍ദേശം. ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ നിലവിലുള്ള ദേശീയപാതയ്ക്ക് മുകളിലൂടെ എലവേറ്റഡ് ഹൈവേ നിര്‍മിക്കുന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ടെങ്കിലും ഇടപ്പള്ളി ജംക്‌ഷനിലെ വികസനമാണ് പ്രതിസന്ധിയായി നില്‍ക്കുന്നത്.

ഇടപ്പള്ളി മുതല്‍ ചേര്‍ത്തല വരെയുള്ള ഭാഗത്ത് നിലവില്‍ നാലുവരിപ്പപാതയുണ്ടെങ്കിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇരുഭാഗത്തും കെട്ടിടങ്ങള്‍ തിങ്ങിനിറഞ്ഞ ഈ പ്രദേശത്ത് ഭൂമി ഏറ്റെടുത്ത് വികസനം വേണ്ടെന്ന നിലപാടിലാണ് ദേശീയപാതാ അഥോറിറ്റി. ജില്ലാ അതിര്‍ത്തിയായ അരൂര്‍ മുതല്‍ ചേര്‍ത്തല വരെ ഉയരപ്പാത നിര്‍മിക്കാനായി നിലവിലുള്ള ഹൈവേയുടെ മീഡിയനില്‍ തൂണുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്‍റെ തുടര്‍ച്ചയായി അരൂര്‍ മുതല്‍ ഇടപ്പള്ളി വരെ ആകാശപാത നീട്ടാനാണ് ആലോചന.

നിലവിലുള്ള ജംക്‌ഷന് അടിയിലൂടെ തുരങ്കപാത നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഇതുവഴി കടന്നുപോകുന്ന നിരവധി ഭൂഗര്‍ഭ കേബിളുകളും മെട്രൊ വയഡക്റ്റ് അടക്കമുള്ള തൂണുകളും തടസമാണ്. സങ്കീര്‍ണതകള്‍ ഒഴിവാക്കാൻ നിലവിലുള്ള സിഗ്നല്‍ പൂര്‍ണമായി ഉപേക്ഷിച്ച് വലിയൊരു റൗണ്ട് എബൗട്ട് നിര്‍മിക്കാനും ആലോചന നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ജംക്‌ഷനില്‍ ഏറ്റവും മുകള്‍ത്തട്ടിലൂടെ ഉയരപ്പാത എന്ന ആശയം തന്നെ ദേശീയപാത അഥോറിറ്റി പരിഗണിക്കുന്നത്.

ഇടപ്പള്ളി ജംക്‌ഷന് വടക്കുവശത്തുനിന്ന് ആരംഭിച്ച് 16.7 കിലോമീറ്റര്‍ നീളത്തില്‍ അരൂര്‍ ജങ്ഷന്‍ വരെ എലവേറ്റഡ് ഹൈവേ നിര്‍മിക്കാനാണ് ഇപ്പോഴത്തെ ആലോചന. കേരളത്തില്‍ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നാണ് ഈ ഭാഗം. ഇടപ്പള്ളിയിലും വൈറ്റിലയിലും മെട്രൊ പാതയ്ക്കും ഫ്ലൈഓവറുകള്‍ക്കും മുകളിലൂടെയായിരിക്കും പുതിയ ഉയരപ്പാത കടന്നുപോകുക. രണ്ടിടത്തും തറനിരപ്പില്‍നിന്ന് 18 മുതല്‍ 19 മീറ്റര്‍ വരെ ഉയരമുണ്ടാകും.

ഇത്തരത്തില്‍ മെട്രൊ പാതയ്ക്കു മുകളിലൂടെ കേരളത്തില്‍ ആദ്യമായാണ് ഉയരപ്പാത നിര്‍മിക്കുന്നത്. ഭാവിയില്‍ മെട്രൊ പാതയ്ക്കു സാധ്യതയുള്ള ഭാഗമാണ് ഇടപ്പള്ളി - അരൂര്‍ ദേശീയപാത. മെട്രൊ വയഡക്റ്റ് നിര്‍മിക്കാനുള്ള ഇടം കൂടി തൂണുകളില്‍ ഉള്‍പ്പെടുത്തണമെന്ന് ജനപ്രതിനിധികള്‍ അടക്കം ആവശ്യപ്പെട്ടിട്ടുണ്ട്.

ആകാശപാത യാഥാര്‍ഥ്യമാകുന്നതോടെ ഇടപ്പള്ളി കുന്നുംപുറം മുതല്‍ അരൂര്‍ പിന്നിട്ട് ആലപ്പുഴ ജില്ലയിലെ തുറവൂര്‍ വരെ ദീര്‍ഘദൂരയാത്രക്കാര്‍ക്ക് കൊച്ചി നഗരത്തിലെ തിരക്കില്‍പ്പെടാതെ സഞ്ചരിക്കാം. ഫലത്തില്‍ തൂണുകളിലൂടെ കടന്നുപോകുന്ന ബൈപ്പാസ് ആയിരിക്കും പുതിയ ഉയരപ്പാത.

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്: സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കും

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യ ഹർജിയിൽ ശനിയാഴ്ച വിധി

ശബരിമല തട്ടിപ്പ്: അന്വേഷണം കോൺഗ്രസിലേക്കും

കേരളത്തിനു 4 പുതിയ ട്രെയ്നുകൾ

ഇറാനിൽ കുടുങ്ങിക്കിടക്കുന്നത് 12 മലയാളി വിദ്യാർഥികൾ