ബൈക്കിലിരുന്ന പടക്കം പെട്രോൾ പമ്പിൽവച്ച് പൊട്ടി; ഒഴിവായത് വൻ ദുരന്തം
ഇരിങ്ങാലക്കുട: ചേലൂർ പെട്രോള്‍ പമ്പില്‍ പെട്രോള്‍ വാങ്ങാനെത്തിയവരുടെ ബൈക്കിലുണ്ടായ പടക്കം പൊട്ടിത്തെറിച്ചു. ഒഴിവായത് വന്‍ദുരന്തം. ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം.
കയ്പമംഗലം കൂരിക്കുഴി സ്വദേശികളായ രണ്ടുപേര്‍ ഇരിങ്ങാലക്കുടയില്‍ നിന്നും പടക്കം വാങ്ങി തിരികെ പോകുന്നതിനിടയില്‍ പെട്രോളടിക്കാന്‍ ചേലൂരിലുള്ള പെട്രോള്‍ പമ്പില്‍ കയറിയതായിരുന്നു.
ബൈക്കിന്‍റെ ഹാന്‍ഡില്‍ ബാറില്‍ തൂക്കിയിട്ടിരുന്ന പടക്കം എന്‍ജിന്‍റെ ഭാഗത്തു നിന്നുള്ള സൈലന്‍സറില്‍ നിന്നു ചൂടേറ്റ് കവര്‍ ഉരുകി പൊട്ടിത്തെറിക്കുകയായിരുന്നു. പെട്രോള്‍ പമ്പ് ജീവനക്കാര്‍ പെട്രോളടിക്കുന്നതിനായി പൈപ്പ് എടുക്കുന്നതിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്.
ഈ സമയം പെട്രോളടിക്കുവാന്‍ മറ്റു വാഹനങ്ങളും അവിടെ ഉണ്ടായിരുന്നു. പടക്കം പൊട്ടിയത് ജീവനക്കാരെയും പെട്രോള്‍ പമ്പില്‍ ഈ സമയം ഉണ്ടായിരുന്നവരെയും ഏറെ പരിഭ്രാന്തരാക്കി. ബൈക്ക് മറിഞ്ഞു വീണെങ്കിലും ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചു.
സ്‌ഫോടക വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ബൈക്ക് യാത്രികരായ രണ്ടു പേര്‍ക്കെതിരേ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. ബൈക്ക് ഓടിച്ചിരുന്ന കൈപ്പമംഗലം കൂരിക്കുഴി സ്വദേശി കൈതവളപ്പില്‍ മോഹനന്‍ (45), ബൈക്കിനു പിന്നില്‍ യാത്ര ചെയ്തിരുന്ന കൂരിക്കുഴി സ്വദേശി പള്ളത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (46) എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.