എ.ജി. വല്ലഭൻ
ഭോപ്പാൽ: മധ്യപ്രദേശിലെ മലയാളികൾ ഓണത്തെ വരവേൽക്കാൻ ഒരുക്കിയത് 28 അടി വലുപ്പമുള്ള പൂക്കളം. ഭോപ്പാലിലെ മഹാബലി നഗർ നിവാസികളും മഹാബലി നഗർ കോലാർ റോഡ് മലയാളി സമൂഹവും ചേർന്നാണ് വി.ഡി. നായർ കോംപ്ലക്സിൽ ഭീമൻ പൂക്കളം തയാറാക്കിയത്.
മധ്യപ്രദേശിൽ തന്നെ ഇന്നോളം ഒരുക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പൂക്കളമാണിതെന്ന് സംഘാടകർ അവകാശപ്പെടുന്നു. ഓണത്തിനു പതിവായി കൂറ്റൻ പൂക്കളങ്ങൾ ഇവിടത്തെ മലയാളി സമൂഹം ഇടാറുള്ളതാണ്. ഇത്തവണ ജി20 ഉച്ചകോടിയുടെ തീം അനുസരിച്ചാണ് പൂക്കളമിട്ടത്.
എംഎൽഎ രാമേശ്വർ ശർമ, മഖൻലാൽ ചതുർവേദി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. കെ.ജി. സുരേഷ്, 80ാം വാർഡ് കൗൺസിലറും സോൺ 18 പ്രസിഡന്‍റുമായ സുനിത ഗുഡ്ഡു ഭദോരിയ, നേതാജി ഹൗസിങ് കോഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്‍റ് ആർ.ബി. പാണ്ഡെ, മുൻ പ്രസിഡന്‍റ് സർദാർ സിങ് പട്ടേൽ തുടങ്ങിയവർ ചേർന്നാണ് നിലവിളക്ക് കൊളുത്തിയത്.
300 കിലോഗ്രാം പൂക്കളും ഇലകളും പ്രകൃതിദത്ത നിറങ്ങളുമാണ് പൂക്കളത്തിൽ ഉപയോഗിച്ചതെന്ന് മുഖ്യ സംഘാടകൻ മണി നായർ അറിയിച്ചു. നൂറുകണക്കിനാളുകൾ പൂക്കളം കാണാനെത്തി.