വൈറ്റില ഫ്ളൈഓവറും മുകളിലൂടെ കടന്നുപോകുന്ന മെട്രൊ റെയിൽ പാതയും. 
Local

കൊച്ചിയിലെ ആകാശ പാത നിർമാണം: ഹെവി വാഹനങ്ങൾ വഴിതിരിച്ചു വിടും

60 വർഷം മുൻപ് നിർമിച്ച റോഡിന് വീതി കൂട്ടാതെ വാഹനങ്ങൾ കടത്തിവിടുന്നത് തദ്ദേശവാസികളിൽ ആശങ്കയുണർത്തുന്നു

പള്ളുരുത്തി: കൊച്ചിയിലെ ഗതാഗതക്കുരുക്കഴിക്കുക എന്ന ലക്ഷ്യത്തോടെ എലിവേറ്റഡ് പാതയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കവേ, ദേശീയപാതയിലൂടെ കടന്നു പോകുന്ന ചരക്കു ലോറികൾ അടക്കമുള്ള വലിയ വാഹനങ്ങൾ പള്ളുരുത്തി, പെരുമ്പടപ്പ്, കുമ്പളങ്ങി റോഡിലൂടെ തിരിച്ചുവിടാൻ ഗതാഗത വകുപ്പ് ആലോചിക്കുന്നു.

അതേസമയം, ഈ നിർദേശം നാട്ടുകാരിൽ ആശങ്കയുണർത്തുകയും ചെയ്യുന്നു. ഹെവി വാഹനങ്ങൾ ഇടുങ്ങിയതും തിരക്കേറിയതുമായ പെരുമ്പടപ്പ് റോഡിലേക്ക് പ്രവേശിച്ച് കുമ്പളങ്ങി റോഡ് വഴി തുറവൂർ എത്തി ദേശീയപാതയിലേക്ക് പ്രവേശിപ്പിക്കാനാണ് ഗതാഗത വകുപ്പ് നിർദേശിച്ചിരിക്കുന്നത്. ഇതെത്തുടർന്ന് ചരക്ക് ലോറികളുമായി പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും റൂട്ടിൽ പരീക്ഷണ ഓട്ട‌വും നടത്തി. ദീർഘമായ ഗതാഗത്തുരുക്കാണ് പരീക്ഷണ ഓട്ടത്തിന്‍റെ സമയത്ത് അനുഭവപ്പെട്ടത്. അകമ്പടിയായി വന്ന പൊലീസ് ഉദ്യോഗസ്ഥർ പ്രതിരോധത്തിലായി.

60 വർഷം മുൻപ് നിർമിച്ച പെരുമ്പടപ്പ് റോഡിന്‍റെ വീതി അൽപ്പം പോലും കൂട്ടാതെയാണ് തുടരുന്നത്. വാഹനത്തിരക്ക് വലിയ തോതിൽ വർധിച്ചിട്ടും ഈ പാത വികസിപ്പിച്ചിട്ടില്ല. ഇതിനി ചരക്ക് വാഹന പാത കൂടിയായാൽ തിരക്കും ഗതാഗതക്കുരുക്കും നിയന്ത്രണാതീതമാകുമെന്നാണ് ആശങ്ക.

ഗതാഗത വകുപ്പിന്‍റെ നിർദേശം പ്രായോഗികമല്ലെന്നും പെരുമ്പടപ്പ്, കുമ്പളങ്ങി റോഡിലൂടെ ചരക്കു വാഹനങ്ങൾ കടത്തിവിടാനുള്ള നീക്കം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ട്രാഫിക്ക് പൊലീസ് ബന്ധപെട്ടവർക്ക് റിപ്പോർട്ട് നൽകിയതായും സൂചനയുണ്ട്.

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി

കോന്നി പാറമടയിൽ അപകടം; 2 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

സുന്നത്ത് കർമത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

ഇടുക്കി ജില്ലയിൽ ജീപ്പ് സഫാരി നിരോധിച്ചു

രണ്ടാഴ്ചയ്ക്കകം ചീഫ് ജസ്റ്റിസിന്‍റെ ഔദ്യോഗിക വസതി ഒഴിയും: ഡി.വൈ. ചന്ദ്രചൂഡ്