Horticorp 
Local

ഹോര്‍ട്ടികോര്‍പ്പ് തട്ടിപ്പ്: മരിച്ചയാളുടെ പേരിൽ വരെ ബിൽ

സംസ്ഥാനത്ത് ഏറ്റവുമധികം പച്ചക്കറികള്‍ വിളയുന്ന വട്ടവട, കാന്തല്ലൂര്‍, മറയൂര്‍ എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് ദുരിതം.

ഇടുക്കി: മരിച്ചയാളുടെ പേരിലും കണ്ടം ചെയ്ത വാഹനത്തിന്‍റെ പേരിലും വ്യാജ ബില്ലുണ്ടാക്കി മൂന്നാറിലെ ഹോര്‍ട്ടികോര്‍പ്പ് ഉദ്യോഗസ്ഥര്‍ പണം തട്ടിയതായി വിജിലന്‍സ്. കര്‍ഷകരുടെ പരാതിയില്‍ ഇടുക്കി വിജിലന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയില്‍ മൂന്ന് ലക്ഷം രൂപയിലധികം ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം കേസെടുത്ത് അന്വേഷണം തുടങ്ങും.

സംസ്ഥാനത്ത് ഏറ്റവുമധികം പച്ചക്കറികള്‍ വിളയുന്ന വട്ടവട, കാന്തല്ലൂര്‍, മറയൂര്‍ എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് മികച്ച വില കിട്ടുന്നില്ല. അതിനൊരു പരിഹാരമായാണ് പത്ത് വര്‍ഷം മുമ്പ് സര്‍ക്കാര്‍ മൂന്നാറില്‍ ഹോര്‍ട്ടികോര്‍പ്പ് ഓഫീസ് തുടങ്ങിയത്. എന്നാല്‍ അത് കര്‍ഷകര്‍ക്ക് സമ്മാനിച്ചത് കൂടുതല്‍ ദുരിതങ്ങളാണ്. ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വിറ്റ കര്‍ഷകര്‍ക്ക് കൊടുത്തതിന്‍റെ പണം വര്‍ഷങ്ങളായി കിട്ടുന്നില്ല. ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ല. മനം മടുത്ത് കര്‍ഷകര്‍ പച്ചക്കറി വില്‍ക്കുന്നത് നിര്‍ത്തി.

വ്യാപകമായ ക്രമക്കേട് മൂന്നാറിലെ ഓഫീസില്‍ നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അഴിമതി കാട്ടുന്നുവെന്നും കാട്ടി കര്‍ഷകരാണ് വിജിലന്‍സിനെ സമീപിച്ചത്. ഈ പരാതിയില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകളാണ്.

2021ല്‍ കൊവിഡ് ബാധിച്ച മരിച്ച ടാക്സി ഡ്രൈവറുടെ പേരില്‍ വ്യാജ ബില്ലുണ്ടാക്കി പണം തട്ടി. കെഎല്‍ 6D 8913 എന്ന കണ്ടം ചെയ്ത വാഹനത്തിന്‍റെ പേരിലും വ്യാജ ബില്ലുണ്ടാക്കി തട്ടിപ്പ് നടന്നു. ഈ പണമെല്ലാം പോയത് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥയുടെ അക്കൗണ്ടിലേക്കാണ്.

2023 മാര്‍ച്ചില്‍ മാത്രം ഉദ്യോഗസ്ഥ സ്വന്തം അക്കൗണ്ടുവഴി കൈപ്പറ്റിയത് 59500 രൂപയാണ്. പ്രാഥമിക പരിശോധനയില്‍ തന്നെ മൂന്ന് ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്താനായി. കര്‍ഷകരില്‍ നിന്ന് വാങ്ങിയ പച്ചക്കറി നല്‍കിയ പണം ഇതോക്കെ വിശദമായി പരിശോധിച്ചാലെ ക്രമക്കേടിന്‍റെ ആഴം കൃത്യമാകു. നിലവില്‍ നടന്ന പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമായിരിക്കും തുടര്‍ന്നുള്ള നടപടികള്‍. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തനാണ് വിജിലിന്‍സിന്‍റെ നീക്കം. ഇടുക്കി വിജിലന്‍സ് യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.

അയ്യപ്പ സംഗമം: ഭക്തരെ ക്ഷണിക്കുന്ന സന്ദേശത്തിൽ ദുരൂഹത

ബദൽ വിപണി തേടി ഇന്ത്യ; യൂറോപ്യൻ യൂണിയനുമായി ചർച്ച

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നിർണായക രേഖ

യുകെയിലും മുല്ലപ്പെരിയാർ മറക്കാതെ എം.കെ. സ്റ്റാലിൻ

ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവം: പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്