2018 flood Representative image
Local

നഷ്ടപരിഹാരം നൽകാൻ വൈകി; പലിശ കൊടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

പ്രളയത്തിൽ വീട് തകർന്നതിന് 2018ൽ തിരുവനന്തപുരം ജില്ലാ ഭരണകൂടം നൽകാൻ തീരുമാനിച്ച നഷ്ടപരിഹാരമാണ് അഞ്ച് വർഷം വൈകിയത്

VK SANJU

തിരുവനന്തപുരം: പ്രളയത്തിൽ വീട് തകർന്നതിന് 2018 ൽ ജില്ലാ ഭരണകൂടം നൽകാൻ തീരുമാനിച്ച നഷ്ടപരിഹാരമായ 47,500 രൂപ നിർധനയായ വീട്ടമ്മയുടെ അക്കൗണ്ടിലേക്ക് കൈമാറാൻ അഞ്ച് വർഷത്തെ കാലതാമസമെടുത്ത സാഹചര്യത്തിൽ 2018 മുതൽ 2023 വരെയുള്ള ബാങ്ക് പലിശ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. അനുവദിച്ച തുക പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറാൻ വൈകിയതുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ റവന്യൂ വിജിലൻസ് വിഭാഗം പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

നേമം ശാന്തിവിളയിൽ താമസിക്കുന്ന കെ.ജി. കൃഷ്ണവേണി സമർപ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷൻ ജില്ലാകളക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. 2018 സെപ്റ്റംബർ 5 നാണ് പരാതിക്കാരിയുടെ വീട് പ്രകൃതിക്ഷോഭത്തിൽ തകർന്നത്. വീട് താമസയോഗ്യമല്ലാതായതിനെ തുടർന്ന് കൃഷ്ണവേണി വാടകവീട്ടിലേക്കു മാറുകയായിരുന്നു.

പരാതിയുമായി ബന്ധപ്പെട്ട് കമ്മീഷൻ തിരുവനന്തപുരം തഹസിൽദാരെ സമൻസ് അയച്ചുവരുത്തി. സമൻസ് ലഭിച്ച ശേഷം 47,500 രൂപ പരാതിക്കാരിയുടെ അക്കൗണ്ടിലേക്ക് ജില്ലാ ഭരണകൂടം കൈമാറി.പരാതിക്കാരിക്കും ഭിന്നശേഷിക്കാരനായ മകനും പരിമിതമായ തുക നൽകാൻ 5 വർഷത്തെ കാലതാമസമുണ്ടായത് ഖേദകരമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

സാധു സ്ത്രീ താലൂക്ക് ഓഫീസുകൾ നിരവധി തവണ കയറിയിറങ്ങി. പരാതിക്കാരിയുടെ മനുഷ്യാവകാശം ധ്വംസിക്കപ്പെട്ടതായും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ലാന്‍റ് റവന്യൂ കമ്മീഷണർക്കും ജില്ലാ കളക്ടർക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

പെട്രോൾ, ഡീസൽ വില അഞ്ച് രൂപ വരെ കൂടിയേക്കും

അഞ്ചാം തവണയും പുതുച്ചേരി മുഖ്യമന്ത്രിയായി എൻ. രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു

സോണിയ ഗാന്ധി ആശുപത്രിയിൽ

എസ്എസ്എൽസി ഫലപ്രഖ്യാപനം വെള്ളിയാഴ്ച തന്നെ; നടപടികൾ ഊർജിതമാക്കി പൊതുവിദ്യാഭ്യാസ ഡയറക്റ്റർ

ഇന്ധനവില വർധന; അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ