ഇടപ്പള്ളി ലുലു മോളിനു സമീപം നിർമാണം പുരോഗമിക്കുന്ന ഫ്ളൈഓവർ-കം-അണ്ടർപാസ്.

 
Local

കൊച്ചിയിൽ അടുത്ത വർഷം കുരുക്കഴിയും... അഴിയുമായിരിക്കും

എറണാകുളം-ഇടപ്പള്ളി ജംക്ഷനിലെ രണ്ട് പുതിയ ഫ്ലൈ ഓവറുകളുടെ നിർമാണം 2026 മേയ് മാസത്തോടെ പൂർത്തിയാവും.

Kochi Bureau

പ്രത്യേക ലേഖകൻ

കൊച്ചിയിലെ ഗതാഗതക്കുരുക്കിന് ആശ്വാസം നൽകുന്ന വാർത്ത. എറണാകുളം-ഇടപ്പള്ളി ജംക്ഷനിലെ രണ്ട് പുതിയ ഫ്ലൈ ഓവറുകളുടെ നിർമാണം 2026 മേയ് മാസത്തോടെ പൂർത്തിയാവും.

കേന്ദ്ര ഉപരിതല ഗതാഗത - ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇതോടെ കൊച്ചി നഗരത്തിലെ യാത്ര കൂടുതൽ സുഗമമാവുമെന്നാണ് പ്രതീക്ഷ. എറണാകുളം എംപി ഹൈബി ഈഡന്‍റെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രി.

നിർമാണം ഏതുവരെ?

കേരളത്തിലെ പ്രധാന നഗരങ്ങളിൽ ഒന്നായ കൊച്ചിയിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ഗതാഗതക്കുരുക്കാണ്. ദേശീയപാതകളായ എൻഎച്ച് 66-ഉം 544-ഉം സംഗമിക്കുന്ന ഇടപ്പള്ളി ജംക്ഷനിലാണ് ഈ പ്രതിസന്ധി ഏറ്റവും രൂക്ഷം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതികൾ നടപ്പിലാക്കുന്നത്.

  • എൻഎച്ച് 66 വീതികൂട്ടുന്നതിന്‍റെ ഭാഗമായി 50 മീറ്റർ വീതിയുള്ള രണ്ട് ഫ്ലൈ ഓവർ-കം-അണ്ടർപാസുകളാണ് ഇവിടെ നിർമിക്കുന്നത്.

  • ഫ്ലൈ ഓവറുകളുടെ ഘടനാപരമായ ജോലികൾ പൂർത്തിയായി. നിലവിൽ അപ്രോച്ച് റോഡുകളുടെ നിർമാണം പുരോഗമിക്കുന്നു.

  • പ്രധാന ജംക്ഷനുകളിലെ ഗതാഗതം തത്സമയം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇന്‍റലിജന്‍റ‌് ട്രാഫിക് മാനേജ്‌മന്‍റ‌് സിസ്റ്റം (ITMS) സ്ഥാപിക്കും.

ഫ്ലൈ ഓവറുകൾ എവിടെയൊക്കെ?

പുതിയതായി നിർമിക്കുന്ന ഫ്ലൈ ഓവറുകൾ 650 മീറ്റർ വീതം നീളമുള്ളതാണ്. നിലവിലുള്ള ഇടപ്പള്ളി ഫ്ലൈ ഓവറിൽ നിന്ന് നൂറ് മീറ്ററോളം മാറിയാണ് ഇവ നിലവിൽ വരിക.

  1. ഓബറോൺ മാളിനടുത്ത്.

  2. ലുലു മാളിന്‍റെ പ്രവേശന കവാടത്തിനടുത്ത്.

ഈ പദ്ധതി യാഥാർഥ്യമാവുന്നതോടെ കൊച്ചിയിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

കൊച്ചിയിലെ മറ്റ് പ്രധാന പദ്ധതികൾ

കൊച്ചി നഗരത്തിലെയും എറണാകുളം ജില്ലയിലെയും ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കാൻ ഒട്ടേറെ പദ്ധതികൾ അണിയറയിൽ തയാറാകുന്നുണ്ട്.

  • കുമ്പളം-തേവര പാലം, പിഴല-കടമക്കുടി പാലം, വടുതല റെയിൽവേ മേൽപ്പാലം എന്നിവയുടെ നിർമാണം അടുത്ത ആഴ്ചകളിൽ തന്നെ ആരംഭിക്കാൻ സാധ്യതയുണ്ട്.

  • മുനമ്പം-അഴീക്കോട് പാലം, കുമ്പളങ്ങി-കെൽട്രോൺ കടത്ത് പാലം എന്നിവയും പരിഗണനയിലുണ്ട്.

  • 44 കിലോമീറ്റർ ദൈർഘ്യമുള്ള അങ്കമാലി-കുണ്ടന്നൂർ ബൈപാസ് ആറുവരിപ്പാതയായി നിർമിക്കാൻ 2023 ജൂണിൽ അനുമതി നൽകിയിരുന്നു. ഇത് കൂടുതൽ സൗകര്യത്തിനായി എട്ടുവരിപ്പാതയാക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ചർച്ച നടക്കുന്നു.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?