ആലപ്പുഴയിലെ വിദ്യാർഥിനിയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്
file image
ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി നേഹയുടെ മരണം ആത്മഹത്യയാണെന്ന് പൊലീസ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പൊലീസിന് ലഭിച്ചു. പത്താം ക്ലാസുകാരിക്ക് വിഷാദരോഗം ഉണ്ടായിരുന്നു എന്നാണ് പൊലീസ് നിഗമനം.
നേഹയുടെ മുറിയിൽ നിന്ന് ഒരു ഡയറി പൊലീസിന് ലഭിച്ചു. സുഹൃത്തുക്കൾക്കുള്ള ഉപദേശങ്ങളാണ് ഉണ്ടായിരുന്നത്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കപ്പെടുമെന്നും വിഷമിക്കരുതെന്നും വിഷാദത്തിലേക്ക് പോകരുതെന്നും കുറിപ്പിൽ പറയുന്നുണ്ട്.
കുരിശ് ചിഹ്നം വരച്ച് ഡെത്ത് എന്ന് എഴുതിയതും ഡയറിയിലുണ്ട്. ചിലയിടങ്ങളിൽ എലോൺ എന്നും കുറിച്ചിട്ടുണ്ട്. നേഹ വളരെയധികം ഏകാന്തത അനുഭവിച്ചിരുന്നുവെന്ന് ഈ ഡയറിക്കുറിപ്പുകളിൽ നിന്ന് മനസിലാക്കുന്നതായി പൊലീസ് അറിയിച്ചു.
നേഹയുടേത് ആത്മഹത്യ തന്നെയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. കുട്ടിക്ക് വിഷാദരോഗമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന നിഗമനങ്ങളിലേക്കാണ് പൊലീസ് എത്തിയിരിക്കുന്നത്. നേഹയുടെ സുഹൃത്തുക്കളോട് സംസാരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.