കൊച്ചുവേളിയിലെ തിങ്ക് ഗ്യാസ് എൽസിഎൻജി കേന്ദ്രത്തിൽ 'ഏക് പേട് മാ കേ നാം' പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നടുന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
തിരുവനന്തപുരം: ശുചിത്വം പൊതുജനാരോഗ്യത്തിന്‍റെയും പരിസ്ഥിതി സംരക്ഷണത്തിന്‍റെയും വരുംതലമുറയുടെ ക്ഷേമത്തിന്‍റെയും അടിസ്ഥാനമാണെന്നും, ശുചിത്വവും ഹരിതവുമായ സമൂഹം സൃഷ്ടിക്കുക എന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്വമാണെന്നും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. ഊർജസുരക്ഷയ്ക്കൊപ്പം സുസ്ഥിര വികസനവും സമൂഹത്തിന്‍റെ ക്ഷേമവും പ്രോത്സാഹിപ്പിക്കുകയെന്നത് എണ്ണ-വാതക മേഖലയിലെ പ്രധാന ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിസ്ഥിതി സംരക്ഷണത്തിനും ശുചിത്വമുള്ള സമൂഹം സൃഷ്ടിക്കുന്നതിനുമുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട്, പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയവുമായി സഹകരിച്ച് തിങ്ക് ഗ്യാസ് സംഘടിപ്പിച്ച സ്വച്ഛതാ പഖ്‌വാഡ 2026 തിരുവനന്തപുരം ജില്ലാ ക്യാംപെയ്നിന് അദ്ദേഹം നേതൃത്വം നൽകി. കൊച്ചുവേളിയിലെ തിങ്ക് ഗ്യാസ് എൽസിഎൻജി കേന്ദ്രത്തിൽ 'ഏക് പേട് മാ കേ നാം' പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നട്ടു.
തിരുവനന്തപുരത്ത് ആരംഭിച്ച വൃക്ഷത്തൈ നടീൽ കൂടുതൽ ഹരിതവും ആരോഗ്യകരവും സുസ്ഥിരവുമായ കേരളത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ സ്വച്ഛതാ പ്രതിജ്ഞ ചൊല്ലി. തിങ്ക് ഗ്യാസിന്‍റെ എൻജിനീയറിങ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്‍റ് പ്രസിഡന്‍റ് മൻ മോഹൻ അഹൂജ, കേരള റീജ്യണൽ ഹെഡ് ദീപു ജോൺ തുടങ്ങിയവർ പങ്കെടുത്തു. ജീവനക്കാർക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു
സുസ്ഥിരതയാണ് ശുദ്ധ ഊർജ പരിഹാരങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള തിങ്ക് ഗ്യാസിന്‍റെ പ്രവർത്തനങ്ങളുടെ കേന്ദ്രമെന്ന് മൻമോഹൻ അഹൂജ പറഞ്ഞു. കേരളത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ, വൃക്ഷത്തൈ നടീൽ, ബോധവത്കരണ പരിപാടികൾ എന്നിവ തുടർന്നും സംഘടിപ്പിച്ച് ജനപങ്കാളിത്തം വർധിപ്പിക്കുമെന്ന് ദീപു ജോണും അറിയിച്ചു.