കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി; പൊലീസും ഫയർഫോഴ്സും രക്ഷപ്പെടുത്തി
file image
തൃശൂർ: തൃശൂരിൽ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ പൊലീസും ഫയർഫോഴ്സും രക്ഷപ്പെടുത്തി. പട്ടാമ്പി സ്വദേശിയായ യുവാവാണ് തിങ്കളാഴ്ച രാവിലെ 11.30 ഓടെ ആൾത്താമസമുളള കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. മാനസികാസ്വസ്ഥതയുളള ആളാണെന്നാണ് പ്രാഥമിക വിവരം. ഇയാൾ നാല് ദിവസം മുൻപാണ് വീടുവിട്ടിറങ്ങിയത്.
കെട്ടിടത്തിന്‍റെ മുകളിൽ കയറിയ യുവാവിനെ കുട്ടികളാണ് ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ മുകളില്‍നിന്ന് ഓടുകളും ഗ്ലാസുകളും എടുത്ത് താഴേക്ക് വലിച്ചെറിയുകയായിരുന്നു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇയാളെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
പിന്നീട് ഫയർഫോഴ്സ് സംഘം വലയിട്ട് യുവാവിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും ആദ്യ ശ്രമം പരാജയപ്പെടുകയായിരുന്നു. പിന്നിട് 2.30 ഓടെയാണ് യുവാവിനെ പിടികൂടി താഴെയിറക്കി ആശുപത്രിയിലേക്ക് മാറ്റിയത്.