മുംബൈയിലേക്ക് 238 എസി ലോക്കല്‍ ട്രെയിനുകൾ എത്തുന്നു
മുംബൈ: ലോക്കല്‍ ട്രെയിനുകളെല്ലാം എസി ആകുന്നു കാലം വിദൂരമല്ല.മുംബൈയിലേക്ക് 238 എസി ലോക്കല്‍ ട്രെയിനുകള്‍ വാങ്ങാനുള്ള അനുമതി കഴിഞ്ഞ ദിവസം കേന്ദ്രം നല്‍കി. മുംബൈ അര്‍ബന് ട്രാന്‍സ്‌പോര്‍ട് പദ്ധതി പ്രകാരമാണ് കൂടുതല്‍ ട്രെയിനുകള്‍ വാങ്ങുന്നത്. കൂടുതല്‍ സൗകര്യം ഉള്ള ട്രെയിനുകളാകും എത്തുക.
നേരത്തെ വന്ദേ ഭാരത് മോഡല്‍ ലോക്കല്‍ ട്രെയിനുകള്‍ അവതരിപ്പിക്കാനും റെയില്‍വേ പദ്ധതിയിട്ടായിരുന്നു. ടിക്കറ്റ് നിരക്ക് സംബന്ധിച്ച ഭിന്നതയെ തുടര്‍ന്ന് കൂടുതല്‍ എസി ട്രെയിനുകള്‍ വാങ്ങാമെന്ന ധാരണയിലേക്ക് നീങ്ങുകയായിരുന്നു.
2023 മുതല്‍ നവീകരണ പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ച് ട്രെയിനുകള്‍ എത്തി തുടങ്ങിയിട്ടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരഭമായാകും നവീകരിച്ച ട്രെയിനുകള്‍ എത്തുക.
സെന്‍ട്രല്‍ റെയില്‍വേയിലും വെസ്റ്റേണ്‍ റെയില്‍വേയിലുമായി ട്രെയിനുകള്‍ നല്‍കാനാണ് നീക്കം. നിലവില്‍ നാമമാത്രമായ എസി ലോക്കല്‍ ട്രെയിനുകളാണ് മുംബൈയില്‍ സര്‍വീസ് നടത്തുന്നത്.