മാലാ പാര്‍വതി
നവിമുംബൈ: അറിവാണ് ദൈവമെന്ന് പഠിപ്പിച്ച മഹാഗുരുവാണ് ശ്രീനാരായണ ഗുരുവെന്ന് മാലാ പാര്‍വതി. അറിവ് ഒരു വിഭാഗത്തിന് മാത്രം അവകാശപ്പെട്ടതല്ലെന്നും, അത് കൊണ്ട് തന്നെ ശ്രീനാരായണ ഗുരു ഈഴവരുടെ മാത്രമല്ലെന്നും മാല പാർവതി പറഞ്ഞു.
അറിവില്ലായ്മയുടെ പാതാളക്കുഴിയില്‍ നിന്നും മനുഷ്യസമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ വിശ്വ ഗുരുവിന്‍റെ പാത പിന്തുടരാന്‍ കഴിയുന്നത് ഭാഗ്യമായി കരുതണം. കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാകാതിരിക്കാന്‍ പ്രധാന കാരണം ഗുരുവിന്‍റെ ആശയങ്ങളാണെന്നും മാലാ പാര്‍വ്വതി പറഞ്ഞു.
നവി മുംബൈയില്‍ ജയന്തി ആഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മാലാ പാര്‍വതി. വാശിയില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ശ്രീനാരായണ മന്ദിര സമിതി പ്രസിഡന്‍റ് എം.ഐ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഓ.കെ. പ്രസാദ്, ഫാദര്‍ ജേക്കബ് പൊറത്തൂര്‍ യുണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കര്‍, ചലച്ചിത്ര നിര്‍മാതാവ് മുരളി മാട്ടുമ്മല്‍ തുടങ്ങിയവര്‍ വേദി പങ്കിട്ടു. മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി ശ്രീനാരായണ മന്ദിര സമിതിയുടെ വിവിധ യൂണിറ്റുകളിലും ഗുരുജയന്തി ആഘോഷ പരിപാടികള്‍ നടന്നു.