46 നവജാത ശിശുക്കള്‍ മരിക്കുന്നെന്ന് റിപ്പോര്‍ട്ട്
മുംബൈ: മഹാരാഷ്ട്രയില്‍ ശരാശരി 46 നവജാത ശിശുക്കള്‍ ദിവസവും മരിക്കുന്നുവെന്ന് സര്‍ക്കാര്‍ കണക്ക്. വിവരാവകാശ രേഖപ്രകാരം ലഭിച്ച വിവരമാണിത്. 2017-നും 2023-നും ഇടയില്‍ മരിച്ചത് 1,17,136 കുഞ്ഞുങ്ങളാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ മരണം മുംബൈയിലാണ്, 22,364 കുഞ്ഞുങ്ങള്‍.
പുണെ, നാസിക്, ഛത്രപതി സംഭാജിനഗര്‍, അകോല തുടങ്ങിയ ജില്ലകള്‍ മുംബൈയ്ക്ക് പിന്നാലെ വരുന്നു. ചികിത്സ വൈകുന്നത്, അടിസ്ഥാനസൗകര്യങ്ങളുടെ കുറവ്, പ്രസവശേഷമുള്ള കരുതല്‍ കുറയുന്നത് തുടങ്ങിയവ മരണസംഖ്യ കൂടാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തല്‍.
സംസ്ഥാനത്തെ ആശുപത്രികള്‍ നവീകരിക്കാനും കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ പ്രാഥമിക കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ഒരുക്കാനും ശ്രമിക്കുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.