സ്ത്രീകൾക്കുള്ള ധനസഹായം വാങ്ങിയത് 14,000 പുരുഷൻമാർ; സർക്കാരിനു നഷ്ടം കോടികൾ
പ്രതീകാത്മക ചിത്രം
മുംബൈ: മഹാരാഷ്ട്ര സർക്കാരിന്‍റെ ലഡ്കി ബഹിൻ യോജന പ്രകാരമുള്ള ധനസഹായം കൈപ്പറ്റിയവരിൽ 14,298 പുരുഷൻമാർ. പ്രതിമാസം 1500 രൂപ വീതം പത്തു മാസമാണ് ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നേരിട്ടെത്തിയത്.
ഈയിനത്തിൽ സംസ്ഥാന സർക്കാർ ഖജനാവിന് 21.44 കോടി രൂപയുടെ നഷ്ടം സംഭവിച്ചു കഴിഞ്ഞെന്നും കണക്കാക്കുന്നു. മഹാരാഷ്ട്രയിൽ അധികാരത്തിലെത്താൻ മഹായുതി മുന്നണിയെ ഏറ്റവും കൂടുതൽ സഹായിച്ച പദ്ധതികളിലൊന്നായിരുന്നു ഇത്.
കുറഞ്ഞ വരുമാനക്കാരായ, 21 മുതൽ 65 വരെ പ്രായമുള്ള സ്ത്രീകൾക്ക്, അവരുടെ ആരോഗ്യം സംരക്ഷിക്കാനും പോഷകാഹാരം ഉറപ്പാക്കാനും അവരുടെ പൊതുക്ഷേമത്തിനുമായി നടപ്പാക്കിയ പദ്ധതിയാണിത്.
കഴിഞ്ഞ വർഷം ജൂണിൽ പ്രഖ്യാപിച്ച പദ്ധതി സംസ്ഥാന സർക്കാരിനു വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്ന് അന്നു തന്നെ വിമർശനമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് അനർഹർ വ്യാപകമായി ആനുകൂല്യം കൈപ്പറ്റുന്നു എന്ന് പ്രതിമാസ പരിശോധനയിൽ വ്യക്തമായിരിക്കുന്നത്.
തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ഈ അക്കൗണ്ടുകളിലേക്ക് പണം നൽകുന്നത് നിർത്തിവച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ 3700 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഈ പദ്ധതിക്കായി പ്രതിമാസം ചെലവഴിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ അഞ്ച് ലക്ഷം ഗുണഭോക്താക്കളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിൽ ഒന്നര ലക്ഷത്തിലധികം സ്ത്രീകൾ നാലുചക്ര വാഹനമുള്ള കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു. 65 വയസിനു മുകളിൽ പ്രായമുള്ള രണ്ടേമുക്കാൽ ലക്ഷത്തിലധികം പേരെയും പദ്ധതിയിൽ നിന്ന് ഒഴിവാക്കി. ഈ പ്രായവിഭാഗത്തിൽ വരുന്നവർക്ക് സർക്കാർ പ്രത്യേകം ക്ഷേമ പെൻഷൻ നൽകുന്നുണ്ട്.
ഒരു കുടുംബത്തിലെ രണ്ടു സ്ത്രീകൾക്കു മാത്രമാണ് പദ്ധതിക്കു കീഴിൽ പണം വാങ്ങാൻ അർഹതയുള്ളത്. എന്നാൽ, ചില കുടുംബങ്ങളിൽ രണ്ടിലധികം സ്ത്രീകൾ ആനുകൂല്യം കൈപ്പറ്റുന്നതായും കണ്ടെത്തിയിരുന്നു.