നവിമുംബൈ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച
മുംബൈ: നവിമുംബൈ രാജ്യാന്തരവിമാനത്താവളത്തിന്‍റെ ഉദ്ഘാടനം ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഉച്ചയ്ക്ക് 2.40ന് നവിമുംബൈ വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം ടെര്‍മിനല്‍ ഒന്ന് സന്ദര്‍ശിച്ചതിന് ശേഷമാകും പൊതുസമ്മേളനത്തിനായി എത്തുക. 19,647 കോടി രൂപ ചെലവില്‍ നിര്‍മിച്ച വിമാനത്താവളത്തിന് തറക്കല്ലിട്ടതും മോദിയാണ്.
എട്ടിന് ഉദ്ഘാടനം നടന്നാലും സര്‍വീസുകള്‍ ആരംഭിക്കുക ഡിസംബറിലായിരിക്കുമെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ 30ന് വിമാനത്താവളത്തിന് എയ്‌റോഡ്രോ ലൈസന്‍സ് ലഭിച്ചിരുന്നു. ഡിബി പാട്ടീല്‍ എന്നാകും നവിമുംബൈ വിമാനത്താവളത്തിന്‍റെ പേര്. കര്‍ഷക തൊഴിലാളി നേതാവായിരുന്ന അദ്ദേഹത്തിന്‍റെ പേര് വിമാനത്താവളത്തിന് നല്‍കിയില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വിമാനത്താവളത്തിനൊപ്പം, ലോക്കല്‍ ട്രെയിന്‍, മെട്രൊ, ജലഗാതഗതം എന്നിങ്ങനെ എല്ലാ വിധ സൗകര്യങ്ങളമുള്ള ഗതാഗത ഹബ്ബായി നവിമുംബ വിമാനത്താവളം മാറ്റുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. അദാനി ഗ്രൂപ്പിന് 74 ശതമാനവും സിഡ്‌കോയ്ക്ക് 26 ശതമാനവും ഓഹരിപങ്കാളിത്തമാണ് ഉള്ളത്. നടത്തിപ്പ് ചുമതലയും അദാനി ഗ്രൂപ്പിനാണ്.
നവിമുംബൈയിലെ ഉള്‍വെപന്‍വേല്‍ മേഖലയില്‍ 2,866 ഏക്കറിലാണ് വിമാനത്താവളം നിര്‍മിക്കുന്ന നാല് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന വിമാനത്താവളത്തിന്‍റെ ആദ്യഘട്ടമാണ് ഇപ്പോള്‍ തുറക്കുന്നത്. പൂര്‍ണസജ്ജമാകാന്‍ 2032 വരെ കാത്തിരിക്കേണ്ടി വരും. രണ്ട് റണ്‍വേകള്‍ ഉള്ള വിമാനത്താവളത്തില്‍ മോശം കാലാവസ്ഥയിലും വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിന് സാധിക്കും.