'ഖുൽത്താബാദ് അല്ല, രത്നാപുർ'; ഔറംഗസേബിന്‍റെ കല്ലറയുള്ള നഗരത്തിന്‍റെ പേരു മാറ്റുമെന്ന് മന്ത്രി
മുംബൈ: മുഗൾ ചക്രവർത്തി ഔറംഗസേബിന്‍റെ കല്ലറയുള്ള നഗരത്തിന്‍റെ പേരു മാറ്റുമെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്ര മന്ത്രി സഞ്ജയ് ഷിർസാത്. ഖുൽത്താബാദ് എന്ന നഗരത്തിന്‍റെ പേര് രത്നാപുർ എന്നാക്കി മാറ്റാനാണ് നീക്കം. ഔറംഗസേബിന്‍റെ കല്ലറ പൊളിച്ചു നീക്കണമെന്ന ആവശ്യം വിവാദം സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെയാണ് നഗരത്തിന്‍റെ പേരു മാറ്റാനും നീക്കം.
ഔറംഗസേബിനു പുറമേ അദ്ദേഹത്തിന്‍റെ മകൻ അസം ഷാഹ്, നിസം അസഫ് ജാഹ് തുടങ്ങിയവരുടെയും കല്ലറകൾ പ്രദേശത്തുണ്ട്. ഛത്രപതി സംഭാജി മഹാരാജിന്‍റെ ദ്രോഹിച്ച മുഗൾ ചക്രവർത്തിയുടെ കല്ലറ നഗരത്തിൽ തുടരേണ്ടതില്ലെന്ന് അടുത്തിടെ ഷിർസാത് പറഞ്ഞിരുന്നു.
ഛത്രപതി സംഭാജി നഗർ ആദ്യം അറിയപ്പെട്ടിരുന്നത് ഖട്കി എന്നായിരുന്നു. പിന്നീട് മുഗൾ ചക്രവർത്തിമാരുടെ ഭരണകാലത്താണ് ഔറംഗബാദ് എന്ന് പേരു മാറ്റിയത്. അതു പോലെ തന്നെ ഖുൽത്താബാദിന്‍റെ യഥാർഥ പേര് രത്നാപുർ എന്നായിരുന്നുവെന്നും ആ പേര് തന്നെ നഗരത്തിന് നൽകാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നും മന്ത്രി പറയുന്നു.