തട്ടിപ്പ് നടത്തിയ ടാക്സി ഡ്രൈവറുടെ കാർ നമ്പർ. 
Mumbai

ഇവനെ സൂക്ഷിക്കുക...! എൽടിടിയിൽ ടാക്സി ഡ്രൈവറുടെ തട്ടിപ്പ്

മുംബൈ സന്ദർശനത്തിനെത്തിയ മലയാളി ദമ്പതികളെ കബളിപ്പിച്ച് ലോകമാന്യ തിലക് ടെർമിനസിലെ ടാക്സി ഡ്രൈവർ പണം കവർന്നു

മുംബൈ: ലോകമാന്യ തിലക് ടെർമിനസിനു സമീപത്തുള്ള ടാക്സി ഡ്രൈവർമാർ അമിത നിരക്ക് ഈടാക്കുന്നതിലുള്ള പരാതി വളരെക്കാലമായി നിലവിലുള്ളതാണ്. ഇതിനു പുറമേ മറ്റു തരത്തിലുള്ള തട്ടിപ്പും നടത്തുന്നതായാണ് പുതിയ റിപ്പോർട്ട്. രണ്ടു ദിവസം മുമ്പ് മലയാളി ദമ്പതികൾക്കാണ് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായത്.

കേരളത്തിൽ നിന്നു നേത്രാവതി എക്സ്പ്രസിൽ ഫെബ്രുവരി നാലിന് വൈകിട്ട് മുംബൈയിൽ വന്നിറങ്ങിയ ദമ്പതികളാണ് ടാക്സി ഡ്രൈവറുടെ തട്ടിപ്പിന് ഇരയായത്. ആദ്യമായി മുംബൈയിലെത്തുന്ന ഇരുവരും എൽടിടി റെയിൽവേ സ്റ്റേഷനിലിറങ്ങി ഗൊരേഗാവിലേക്കാണ് ടാക്സി വിളിച്ചത്. ടാക്സി ഡ്രൈവർ ഇവരിൽ നിന്ന് ഈടാക്കിയത് സാധാരണ നിരക്കിനെക്കാൾ പത്ത് മടങ്ങ് അധികം തുക.

യാത്ര തുടങ്ങുമ്പോൾ മീറ്ററിൽ മിനിമം ചാർജായി 28 രൂപ കാണിക്കുന്നതായി ഇയാൾ ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ, അതിനു ശേഷം ഒരു കവർ ഉപയോഗിച്ച് മീറ്റർ മൂട‌ിയതായി ദമ്പതികൾ പറഞ്ഞു. ഇടയ്ക്ക് ചെറിയ ട്രാഫിക് ബ്ലോക്കുകൾ ഉണ്ടായിരുന്നതിനാൽ 19 കിലോമീറ്റർ യാത്ര 55 മിനിറ്റോളം ദീർഘിച്ചു.

ലക്ഷ്യസ്ഥാനത്തെത്തി മീറ്ററിലെ കവർ മാറ്റിയപ്പോൾ അതിൽ കാണിച്ചത് 1340 രൂപ. ഇതു വിശ്വസിച്ച ദമ്പതികൾ അഞ്ഞൂറിന്‍റെ മൂന്ന് നോട്ടുകളായി 1500 രൂപ ഡ്രൈവർക്കു നൽകി. എന്നാൽ ഇതിൽ ഒരു നോട്ട് ഇരുപതിന്‍റേതാണെന്നു പറഞ്ഞ് ഡ്രൈവർ തിരിച്ചു നൽകി. പകരം മറ്റൊരു അഞ്ഞൂറ് രൂപയുടെ നോട്ട് വാങ്ങി. രാത്രി സമയത്തെ വെളിച്ചക്കുറവ് കാരണം നോട്ട് വ്യക്തമായി കാണാത്ത സാഹചര്യത്തിൽ ഡ്രൈവർ ഇതേ അടവ് ആവർത്തിച്ചു. രണ്ടു വട്ടം കൂടി സമാനമായ രീതിയിൽ 20 രൂപ നോട്ട് നൽകി അഞ്ഞൂറിന്‍റെ രണ്ടു നോട്ടുകൾ കൂടി കൈക്കലാക്കി.

അങ്ങനെ പരമാവധി 300 - 400 രൂപ വരുന്ന ദൂരത്തിന് മൂവായിരം രൂപയോളം ഇയാൾ വാങ്ങി. മീറ്ററിലെ തട്ടിപ്പ് ഉപയോഗിച്ച് ആദ്യം 1340 രൂപ കാണിച്ച് അതും, ഇരുട്ടിന്‍റെ മറവിലെ കബളിപ്പിക്കലിലൂടെ മറ്റൊരു 1500 രൂപയുമാണ് ഇയാൾ ഈടാക്കിയത്.

മുംബൈയിലെ ലോകമാന്യ തിലക് ടെർമിനസ് റെയിൽവേ സ്റ്റേഷൻ.

ദമ്പതികൾ ആർടിഒയിൽ ഇയാൾക്കെതിരേ കാറിന്‍റെ നമ്പർ സഹിതം പരാതി നൽകിയിട്ടുണ്ട്. യാത്ര തുടങ്ങുമ്പോൾ തന്നെ ഇവർ കാറിന്‍റെ നമ്പർ പ്ലേറ്റിന്‍റെ ഫോട്ടോ എടുത്ത് സൂക്ഷിച്ചിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ടിരുന്ന ഡ്രൈവർ, യാത്ര കഴിഞ്ഞപ്പോൾ ഫോട്ടോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. MH 01 B T 8338 എന്ന നമ്പറുള്ള ടാക്സിയിലാണ് ഇവർ സഞ്ചരിച്ചത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്നവരും, ഭാഷ ശരിയായി വശമില്ലാത്തവരുമായ സഞ്ചാരികളെ തിരിച്ചറിഞ്ഞാണ് ഇരുട്ടിന്‍റെ മറവിൽ ഇത്തരം തട്ടിപ്പുകൾ നടത്തിവരുന്നത്. മീറ്ററിൽ ഉ‍യർന്ന തുക കാണിക്കുന്ന തരത്തിലുള്ള തട്ടിപ്പുകൾ മുൻപും ഈ മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മെഡിക്കൽ കോളെജ് അപകടത്തിൽ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ