ജീവനൊടുക്കിയത് 6669 കര്‍ഷകര്‍
മുംബൈ: മഹാരാഷ്ട്രയില്‍ 2023ല്‍ മാത്രം 6669 കര്‍ഷകര്‍ ജീവനൊടുക്കിയെന്ന് മന്ത്രി മകരന്ദ് പാട്ടീല്‍ നിയമസഭയില്‍ പറഞ്ഞു. രാജ്യത്ത് കര്‍ഷക ആത്മഹത്യകളുടെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നായി മഹാരാഷ്ട്ര തുടരുകയാണ്. കടക്കെണിയാണ് ആത്മഹത്യയ്ക്ക് കാരണം. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2023-ലെ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി.
ആത്മഹത്യ ചെയ്തവരില്‍ 4,150 പേര്‍ കര്‍ഷകരും 2,519 പേര്‍ കര്‍ഷകത്തൊഴിലാളികളുമാണ്. കര്‍ഷകത്തൊഴിലാളികളില്‍ 77 സ്ത്രീകളും ഉള്‍പ്പെടുന്നു.
വിദര്‍ഭ, മറാത്ത്വാഡ മേഖലകളാണ് വര്‍ഷങ്ങളായി കര്‍ഷക ആത്മഹത്യകളുടെ കേന്ദ്രബിന്ദുവായി തുടരുന്നത്. 1990-കളുടെ അവസാനത്തോടെയാണ് സംസ്ഥാനത്ത് ആത്മഹത്യകളുടെ എണ്ണം ഗണ്യമായി ഉയരാന്‍ തുടങ്ങിയത്. തുടര്‍ന്ന് വിവിധ സര്‍ക്കാരുകള്‍ ആശ്വാസ പാക്കേജുകളും വായ്പാ ഇളവുകളും പ്രഖ്യാപിച്ചെങ്കിലും പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായിട്ടില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)