എം.എം. ലോറന്‍സ് ട്രേഡ് യൂണിയന്‍ രംഗത്തെ ഒരു തിളങ്ങുന്ന വ്യക്തിത്വം: സി ഐ ടി യു മഹാരാഷ്ട്ര കമ്മിറ്റി വൈസ് പ്രസിഡന്‍റ്  
Mumbai

എം.എം. ലോറന്‍സ് ട്രേഡ് യൂണിയന്‍ രംഗത്തെ തിളങ്ങുന്ന വ്യക്തിത്വം: സിഐടിയു മഹാരാഷ്ട്ര വൈസ് പ്രസിഡന്‍റ്

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിലും പിന്നീട് സിപിഎം പടുത്തുയര്‍ത്തുന്നതിലും പ്രധാന പങ്കു വഹിച്ചിട്ടുള്ള നേതാവാണ് അദ്ദേഹം

മുംബൈ: ട്രേഡ് യൂണിയന്‍ രംഗത്തെ ഒരു തിളങ്ങുന്ന വ്യക്തിത്വമായിരുന്നു എം.എം. ലോറന്‍സെന്നും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സി ഐ ടി യു മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്‍റ് പി.ആര്‍. കൃഷ്ണന്‍ പറഞ്ഞു. കേരളത്തില്‍ തോട്ടി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് എം.എം. ലോറന്‍സ് ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തില്‍ കാലുറപ്പിക്കുന്നത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിലും പിന്നീട് സി പി ഐ (എം) പടുത്തുയര്‍ത്തുന്നതിലും പ്രധാന പങ്കു വഹിച്ചിട്ടുള്ള നേതാവാണ് അദ്ദേഹം.

തൊഴിലാളി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് എഐടിയുസിയും സിഐടിയുവും സംഘടിപ്പിക്കുന്നതില്‍ മഹത്തായ പങ്കു വഹിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊടിയ മര്‍ദനവും ജയില്‍വാസവും അനുഭവിക്കേണ്ടിവന്ന മുന്‍നിര നേതാക്കളില്‍ പ്രമുഖനാണ് എം.എം. ലോറന്‍സ്. സിപിഎമ്മിന്‍റെ കേന്ദ്ര കമ്മിറ്റി അംഗമായും കേരളത്തില്‍ എല്‍ ഡി എഫിന്റെ കണ്‍വീനറായും സ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹം അനുഷ്ഠിച്ചിട്ടുള്ളത്.

പാര്‍ട്ടി പരിപാടികളുമായി ബന്ധപ്പെട്ട് മുംബൈയില്‍ വന്നിട്ടുള്ള പല അവസരങ്ങളിലും അദ്ദേഹം എന്റെ വീട്ടിലാണ് താമസിച്ചിട്ടുള്ളത്. ഡല്‍ഹി, മുംബൈ, കേരളം എന്നിവിടങ്ങളിലായി പല റാലികളിലും മീറ്റിംഗുകളിലും വേദികളിലും ഒരുമിച്ചു പങ്കെടുക്കാന്‍ സാധിച്ചിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഞാന്‍ കേരളത്തില്‍ പോയിരുന്നപ്പോള്‍ പതിവുപോലെ ലോറന്‍സിനെ പോയി കണ്ടിരുന്നു. അദ്ദേഹത്തിന്റെ മകന്‍ അഡ്വ. സജീവന്റെ വീട്ടിലായിരുന്നു സന്ദര്‍ശനം. അനാരോഗ്യം മൂലം അദ്ദേഹത്തിന് ശാരീരിക വിഷമതകള്‍ ഉണ്ടായിരുന്നെങ്കിലും, കാണുമ്പോഴൊക്കെ മുംബൈയിലെയും മഹാരാഷ്ട്രയിലെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ സ്ഥിതിഗതികൾ താത്‌പര്യപൂർവം അന്വേഷിച്ചിരുന്നു. ദീര്‍ഘകാലത്തെ വളരെ അടുത്ത സമ്പര്‍ക്കവും ബന്ധവുമാണ് എനിക്ക് ലോറന്‍സുമായിട്ടുള്ളത്. അദ്ദേഹത്തിന് റെഡ് സല്യൂട്ട് - പി.ആര്‍. കൃഷ്ണന്‍ പറഞ്ഞു.

മാധ‍്യമങ്ങളെ കാണാൻ എ.കെ. ആന്‍റണി; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ചേക്കും

വനം വകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമം; ഫോറസ്റ്റ് ഓഫിസറിന് സസ്പെൻഷൻ

ഇളയരാജയുടെ പരാതിയിൽ അജിത് ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കം ചെയ്തു

ക്ഷേത്രങ്ങളിൽ വിശ്വാസികൾ പണം നൽകുന്നത് കല്യാണ മണ്ഡപങ്ങളുടെ നിർമാണത്തിനല്ല: സുപ്രീം കോടതി

പീച്ചി കസ്റ്റഡി മർദനം; രതീഷിനെതിരേ കൂടുതൽ നടപടിയുണ്ടായേക്കും