മുംബൈക്കിത് മാമ്പഴക്കാലം
മുംബൈ : മാമ്പഴക്കാലമായതോടെ വാഷിയിലെ മൊത്ത വിപണിയിലേക്ക് വൈവിധ്യമാര്‍ന്ന മാമ്പഴങ്ങളുടെ വരവ് തുടങ്ങി. കൊങ്കണിലെ രത്നഗിരി, സിന്ധുദുര്‍ഗ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന മാമ്പഴങ്ങളാണ് വിപണിയിലെ താരം. കയറ്റുമതി ചെയ്യപ്പെടുന്ന ഇനങ്ങളില്‍ രുചിയില്‍ മുന്നില്‍ നില്‍ക്കുന്നതും ഇവയാണ്.
കേരളം, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്ന് ഇരുപതിനായിരം പെട്ടി മാങ്ങകളും തിങ്കളാഴ്ച വിപണിയിലെത്തി. ഇനങ്ങള്‍ക്കനുസരിച്ച് കിലോയ്ക്ക് 60 രൂപ മുതല്‍ 120 രൂപവരേയാണ് മൊത്ത വിപണിയിലെ മാങ്ങയുടെ വില.
വരുംദിവസങ്ങളില്‍ കൂടുതല്‍ മാമ്പഴം എത്തുന്നതോടെ വിലയില്‍ വന്‍കുറവുണ്ടാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കൂടുതല്‍ മാമ്പഴം എത്തുന്നതോടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കായി വന്‍കിട കമ്പനികള്‍ മാമ്പഴം ട്രക്കുകളോടെ വാങ്ങിക്കാനെത്തും.
കേരളത്തില്‍ നിന്നുള്ള മാങ്ങകളില്‍ മൂവാണ്ടനും ആവശ്യക്കാരേറെയാണ്. കിലോയ്ക്ക് 100 രൂപയാണ് ഇതിന്‌റെ വില.