മുംബൈയിൽ അപകടമുണ്ടായ മാൻഹോൾ.

 
Mumbai

മഴയത്ത് ഫോണിൽ സംസാരിച്ച് നടന്ന ആൾ മാൻഹോളിൽ വീണു മരിച്ചു

മുംബൈയിലെ സാക്കിനാക്കയിൽ അറ്റകുറ്റപ്പണിക്കിടെ തുറന്നിട്ട മാൻഹോളിൽ വീണ വഴിയാത്രക്കാരൻ മരിച്ചു. മഴയത്ത് ഫോൺ ചെയ്ത് നടന്നു പോയ ആളാണ് കുഴിയിൽ വീണത്.

Mumbai Correspondent

മുംബൈ: മുംബൈയിലെ സാക്കിനാക്കയിൽ അറ്റകുറ്റപ്പണിക്കിടെ തുറന്നിട്ട മാൻഹോളിൽ വീണ് വഴിയാത്രക്കാരൻ മരിച്ചു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. സാക്കിനാക്കയിലെ എസ്ജെ സ്റ്റുഡിയോയ്ക്ക് സമീപം ഖൈരാനി റോഡിലെ സൻമാൻ ഹോട്ടലിന് അടുത്താണ് അപകടമുണ്ടായത്.

സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പങ്കുവച്ച വിവരമനുസരിച്ച്, ഒരു സ്വകാര്യ ഏജൻസിയിലെ മൂന്ന് കരാർ തൊഴിലാളികൾ അറ്റകുറ്റപ്പണികൾക്കായി മാൻഹോളിന്‍റെ മൂടി നീക്കം ചെയ്തിരുന്നു. ഇതിനിടെ, മഴയത്ത് മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് നടന്നുപോവുകയായിരുന്ന ഒരാൾ അബദ്ധത്തിൽ ഇതിലേക്ക് വീഴുകയായിരുന്നു.

തൊഴിലാളികൾ ഉടൻ തന്നെ മാൻ ഹോളിലേക്ക് ഏണി ഇറക്കി തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചില്ല. കുടയും ചെരിപ്പും മാത്രമാണ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുക്കാനായതെന്ന് അധികൃതർ.

ഓടയ്ക്കുള്ളിലെ വെള്ളത്തിന്‍റെ ശക്തമായ ഒഴുക്ക് കാരണം, ഇദ്ദേഹം ഏത് ദിശയിലേക്കാണ് ഒലിച്ചുപോയതെന്ന് മനസിലാക്കാൻ പോലും രക്ഷാപ്രവർത്തകർക്ക് തുടക്കത്തിൽ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച മുംബൈയിൽ പെയ്ത കനത്ത മഴയ്‌ക്കിടെയാണ് ഈ സംഭവം നടന്നത്. ഇത് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടിനും ഗതാഗത തടസത്തിനും കാരണമായി.

മുംബൈയിലും സമീപ ജില്ലകളിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയിരുന്നു. അന്ധേരി, ദാദർ, പരേൽ, ചെമ്പൂർ, കിങ്സ് സർക്കിൾ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

ഔദ്യോഗിക കണക്കുകൾ പ്രകാരം, മുംബൈ നഗരത്തിൽ 130 മില്ലീമീറ്ററിലധികം മഴയും കിഴക്കൻ പ്രാന്തപ്രദേശങ്ങളിൽ 160 മില്ലീമീറ്ററിലധികം മഴയും രേഖപ്പെടുത്തി.

മഴക്കാലത്ത് റോഡുകളിൽ വെള്ളക്കെട്ടും ഓടകളിൽ വെള്ളം നിറഞ്ഞു കവിയുന്ന സാഹചര്യത്തിലും തുറന്നിട്ട മാൻഹോളുകൾ കാൽനടയാത്രക്കാർക്ക് കണ്ടെത്താൻ പ്രയാസമാണ്. മൂടി നീക്കം ചെയ്തപ്പോൾ അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലത്തിനു ചുറ്റും ബാരിക്കേഡുകൾ, മുന്നറിയിപ്പ് ബോർഡുകൾ, മറ്റ് സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഏർപ്പെടുത്തിയിരുന്നോ എന്ന് അധികൃതർ പരിശോധിക്കും.

"വി. കുഞ്ഞിക്കൃഷ്ണൻ പാർട്ടി വിരുദ്ധരുടെ കൈയിലെ കോടാലിയായി, വഴിതെറ്റിപ്പോയവർ തിരിച്ചുവരണം": പിണറായി വിജയൻ

വേളാങ്കണ്ണി കൊടിയേറ്റിനിടെ ഹീലിയം ബലൂൺ പൊട്ടിത്തെറിച്ചു, രണ്ടുപേർക്ക് പരുക്ക്

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

450 പുലികളുടെ വിളയാട്ട്, തൃശൂരിനെ ആവേശത്തിലാക്കി പുലികളി

വില 10 കോടി, 12 കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ; സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ട