മുംബൈ: എന്‍സിപികള്‍ വീണ്ടും ലയിച്ചേക്കുമെന്ന മുതിര്‍ന്ന നേതാവ് ശരദ് പവാര്‍ സൂചന നല്‍കിയതിന് പിന്നാലെ അദ്ദേഹത്തെ സന്ദര്‍ശിച്ച് എംപിസിസി അധ്യക്ഷന്‍. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും സൗഹൃദസന്ദര്‍ശനമാണെന്നുമാണ് ഹര്‍ഷവര്‍ധന്‍ സപ്കലിന്‍റെ പ്രതികരണം.
കോണ്‍ഗ്രസ് അദ്ധ്യക്ഷനായതിന് ശേഷം പവാറിനെ സന്ദര്‍ശിച്ചിരുന്നില്ല എന്നതിനാല്‍ നടത്തിയ സൗഹൃദ സന്ദര്‍ശനമാണെന്നാണ് അദ്ദേഹം പറഞ്ഞത്. 'പവാര്‍ രാഷ്ട്രീയ, സാമൂഹ്യ രംഗത്ത് 50വര്‍ഷത്തിലേറെ പാരമ്പര്യമുള്ള നേതാവാണ്. സൗഹൃദ സന്ദര്‍ശനം മാത്രമാണ്' എന്നും സപ്കല്‍ പറഞ്ഞു.
എന്‍സിപി ശരദ് പവാര്‍ വിഭാഗവും ഉദ്ദവ് താക്കറേ നേതൃത്വം നല്‍കുന്ന ശിവസേനയും കോണ്‍ഗ്രസും അടങ്ങുന്നതാണ് മഹാവികാസ് അഘാഡി. ശിവസേന ഉദ്ദവ് താക്കറേ വിഭാഗം രാജ് താക്കറേ നയിക്കുന്ന മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനയുമായി അടുക്കാനും നീക്കം നടത്തുന്നുണ്ട്. അതിനിടെയാണ് ശരദ് പവാര്‍ അജിത് പവാറുമായി കൈകോര്‍ക്കുമെന്ന വിധത്തില്‍ അഭ്യൂഹങ്ങള്‍.