കേരളത്തിൽ യുഡിഎഫിന് ഐതിഹാസിക വിജയം; മുംബൈയിൽ ആവേശക്കടലായി വിജയാഘോഷം

 
Mumbai

കേരളത്തിൽ യുഡിഎഫിന് ഐതിഹാസിക വിജയം; മുംബൈയിൽ ആവേശക്കടലായി വിജയാഘോഷം

തിലക് ഭവനിലും കേരള ഹൗസിലും മധുരപലഹാര വിതരണവും പടക്കം പൊട്ടിക്കലും സംഘടിപ്പിച്ചു

Namitha Mohanan

മുംബൈ: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (UDF) നേടിയ തകർപ്പൻ വിജയത്തിന്‍റെ ആവേശം മുംബൈ നഗരത്തിലും അലയടിച്ചു. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (MPCC) ആസ്ഥാനമായ ദാദറിലെ തിലക് ഭവനിലും കേരള ഹൗസിലും യുഡിഎഫ് പ്രവർത്തകർ ഉജ്ജ്വലമായ വിജയാഘോഷങ്ങൾ സംഘടിപ്പിച്ചു.

മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസിന്‍റെ നേതൃത്വത്തിലായിരുന്നു ആഘോഷപരിപാടികൾ. തിലക് ഭവനിലെത്തിയ നൂറുകണക്കിന് പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും കേക്ക് മുറിച്ചുമാണ് വിജയം ആഘോഷിച്ചത്. കേരളത്തിലെ ജനവിധി കോൺഗ്രസ് പ്രസ്ഥാനത്തിന്‍റ ഉജ്ജ്വലമായ തിരിച്ചുവരവാണെന്ന് പ്രവർത്തകർ ആവേശം പങ്കുവെച്ചു.

കഴിഞ്ഞ പത്തുവർഷമായി കേരളത്തിൽ തുടരുന്ന പിണറായി വിജയൻ സർക്കാരിന്‍റെ ദുർഭരണത്തിനും അഴിമതിക്കുമെതിരേ കേരള ജനത നൽകിയ ശക്തമായ തിരിച്ചടിയാണ് ഈ ജനവിധിയെന്ന് ജോജോ തോമസ് പറഞ്ഞു. യുഡിഎഫ് പ്രവർത്തകരുടെ വിശ്രമമില്ലാത്ത കഠിനാധ്വാനത്തിന്റെയും ഐക്യത്തോടെയുള്ള പ്രവർത്തനത്തിന്റെയും ഫലമാണ് ഈ ഉജ്ജ്വല വിജയം.

കോൺഗ്രസ് പാർട്ടി ദേശീയ തലത്തിൽ ശക്തമായി തിരിച്ചുവരുന്നതിന്‍റെ വ്യക്തമായ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസി മലയാളികളെ പാടെ അവഗണിച്ച ഇടത് സർക്കാരിന്റെ നടപടികൾക്കെതിരെയുള്ള വികാരവും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. പ്രത്യേകിച്ച് കോവിഡ് കാലത്ത് പ്രവാസികൾ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് പരിഹാരം കാണുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുംബൈയിൽ നിന്ന് ആയിരക്കണക്കിന് പ്രവർത്തകരാണ് കേരളത്തിലെ വിവിധ മണ്ഡലങ്ങളിലേക്ക് പോയിരുന്നത്. ഇതിനുപുറമെ, സമൂഹമാധ്യമങ്ങളിലൂടെയും മുംബൈയിലെ കോൺഗ്രസ് പ്രവർത്തകർ ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നു.

തിലക് ഭവനിലെ ആഘോഷങ്ങളിൽ പ്രമുഖ കോൺഗ്രസ് നേതാക്കളും യുഡിഎഫ് പ്രവർത്തകരും പങ്കെടുത്തു. സിദ്ധ്യാ ഗോഡ്‌കെ, ജോയി നെല്ലൻ, കമറുദ്ദീൻ, മുഹമ്മദ് ഉളുവർ, ഇബ്രാഹിം പള്ളിക്കൽ സ്റ്റീഫൻ, അഷ്റഫ് പ്രഭ, ആന്‍റണി ഫിലിപ്പ്, ബിജു രാജൻ, ജോബി ജോസഫ്, ജോസ് ജെയിംസ്, ജോബി മാത്യു തുടങ്ങിയവർ വിജയാഘോഷങ്ങൾക്ക് നേതൃത്വം നൽകി.

കണ്ണൂരിലെ തിരിച്ചടിക്ക് കാരണം എം.വി. ഗോവിന്ദൻ, ശ‍്യാമളയുടെ സ്ഥാനാർഥിത്വം തിരിച്ചടിച്ചു; വിമർശനം

വീണ്ടും ഇടിവ്; സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

കണ്ണൂരിൽ നിന്ന് കുടുംബ സമേതം തിരുവനന്തപുരത്തേക്ക്; രണ്ടാം ദിനവും പ്രതികരിക്കാതെ പിണറായി

സിനിമാഭിനയം നിർത്തി, സ്‌റ്റേജ് ഷോകളും ചെയ്യില്ല; ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടിയുള്ള ജീവിതമെന്ന് രമേഷ് പിഷാരടി

സ്ഥാനാർഥി നിർണയം പാളി; സിപിഐയിൽ ബിനോയ് വിശ്വത്തിനെതിരേ രൂക്ഷ വിമർശനം