മുംബൈ: മുംബൈയില്‍നിന്ന് നന്ദേഡിലേക്കുള്ള വന്ദേഭാരത് ട്രെയിന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ഫ്‌ളാഗ് ഓഫ് ചെയ്തു. നേരത്തെ ജല്‍നവരെ ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ നന്ദേഡ് വരെ നീട്ടുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി ട്രെയിനിന്‍റെ ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചത്. സിഖ് സമൂഹത്തിന്‍റെ പ്രധാന തീര്‍ഥാടനകേന്ദ്രമെന്നനിലയില്‍ നന്ദേഡിന്‍റെ പ്രാധാന്യം എടുത്തുകാണിച്ച ഫഡ്‌നവിസ് പുതിയ നടപടി യാത്രക്കാര്‍ക്ക് വേഗതയേറിയതും സുഖകരവും സുരക്ഷിതവുമായ യാത്ര പ്രദാനംചെയ്യുമെന്ന് പറഞ്ഞു.
ഗോദാവരിനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന നന്ദേഡില്‍ സിഖുകാരുടെ പ്രധാന തീര്‍ഥാടനകേന്ദ്രമായ ഗുരുദ്വാര ഹസൂര്‍ സാഹിബ് നിലകൊള്ളുന്നു. ഇതു കൂടാതെ മറ്റ് പ്രധാന തീര്‍ഥാടനകേന്ദ്രങ്ങളായ കൃഷണേശ്വര്‍ ജ്യോതിര്‍ലിംഗം, ഷിര്‍ദ്ദി സായിബാബ ക്ഷേത്രം എന്നിവയേയും അജന്ത-എല്ലോറ ഗുഹകളെയും പുതിയ വന്ദേഭാരത് ട്രെയിന്‍ ബന്ധിപ്പിക്കുന്നു. ടൂറിസം സാധ്യത കൂടുതല്‍ വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.