നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡ് നിര്‍മാണം
മുംബൈ: നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് അന്തരിച്ച കര്‍ഷക നേതാവ് ഡി.ബി. പാട്ടീലിന്‍റെ പേര് നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി കര്‍മ സമിതി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന് നിവേദനം നല്‍കി.
വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ കര്‍മസമിതി നിരവധി പ്രക്ഷോഭം നടത്തിയിട്ടും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സമരസമിതി നേതാക്കള്‍ അറിയിച്ചു.
മുന്‍കേന്ദ്ര മന്ത്രി കപില്‍ പാട്ടീല്‍, സംസ്ഥാന വനം വകുപ്പ് മന്ത്രി ഗണേഷ് നായിക്, കര്‍മസമിതി അധ്യക്ഷന്‍ ദശരഥ് പാട്ടീല്‍, മുന്‍ എം.പി. രാം സേത്ത് ഠാക്കൂര്‍ മുന്‍മന്ത്രി ജഗനാഥ് പാട്ടീല്‍ മുന്‍ നവിമുംബൈ മേയര്‍ സാഗര്‍ നായിക് എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.