ബിജെപിയെ അകറ്റി നിര്‍ത്തിയാല്‍ രാജ് താക്കറെയുമായി സഹകരിക്കുമെന്ന് സാമ്ന
File photo
മുംബൈ: ബിജെപിയും ഏകനാധ് ഷിന്‍ഡെയുടെ ശിവസേനയും രാജ് താക്കറെയെ ഉപയോഗിച്ച് ഉദ്ധവ് താക്കറെയെ തകര്‍ക്കാന്‍ നോക്കുകയാണെന്നും, മറാഠികളുടെ ഐക്യത്തിന് ഇതു തടസ്സമായി നില്‍ക്കുന്നുവെന്നും സാമ്ന മുഖപ്രസംഗം. ഉദ്ധവ് വിഭാഗം ശിവസേനയുടെ മുഖപത്രമാണ് സാമ്ന.
ഷിന്‍ഡെയുടെ ശിവസേനയില്‍നിന്നും ബിജെപിയില്‍നിന്നും രാജ് താക്കറെ അകലം പാലിച്ചാൽ ഉദ്ധവുമായുള്ള സഖ്യത്തിന് തടസ്സമില്ലെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി വേര്‍പിരിഞ്ഞുനില്‍ക്കുന്നവര്‍ കൈകോര്‍ക്കുമെന്ന് സൂചിപ്പിക്കുന്ന പ്രസ്താവനകള്‍ രാജും ഉദ്ധവും നടത്തിയതോടെ ഇരുനേതാക്കളുടെയും അനുരഞ്ജനസാധ്യതയെക്കുറിച്ച് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു.
ഇരുവര്‍ക്കും അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ ഷിന്‍ഡെയുടെ ശക്തി കേന്ദ്രങ്ങളില്‍ ഉൾപ്പെടുന്ന താനെയിലും ഉയര്‍ന്നു. രാജ് താക്കറെയെ അമൃതിനോടാണ് സാമ്‌ന ഉപമിച്ചിരിക്കുന്നത്. ശിവസേന സ്ഥാപകനായ ബാൽ താക്കറെയുടെ സഹോദരപുത്രനാണ് രാജ് താക്കറെ.