വാർഷികാഘോഷത്തിൽ നിന്ന് 
Mumbai

വിശാലമായ വായനയിലൂടെ ഭാഷയെ സ്വന്തമാക്കണം: സാഹിത്യകാരൻ ബാലകൃഷ്ണൻ

സമാജത്തിലെ ഏറ്റവും മുതിർന്ന പത്തു അംഗങ്ങളെ ആദരിച്ചതും അവരുടെ ഗൃഹാതുരത്വമുണർത്തുന്ന ഓർമക്കുറിപ്പുകളും ആഘോഷങ്ങൾക്ക് മിഴിവേകി.

നവിമുംബൈ: വിശാലവും സമ്പന്നവും വൈവിധ്യവുമാർന്ന മലയാള സാഹിത്യകൃതികൾ വായിച്ചു ഭാഷയെ സ്വന്തമാക്കണമെന്നും അതിനെ സജീവമായി നിലനിർത്താനുള്ള ഉത്തരവാദിത്തങ്ങൾ സമാജങ്ങൾ ഏറ്റെടുക്കണമെന്നും നോവലിസ്റ്റ് ബാലകൃഷ്ണൻ. മുംബൈയിലെ ശ്രദ്ധേയമായ സമാജങ്ങളിലൊന്നായ സീവുഡ്‌സ് സമാജത്തിന്‍റെ ഇരുപത്തിരണ്ടാമത് വാർഷികാഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുംബൈയുടെ കഥാകാരൻ.കേരള സർക്കാരിന്‍റെ മലയാളം മിഷൻ ആവിർഭവിക്കുന്നതിനു മുൻപ് തന്നെ മലയാളം ക്ലാസുകൾ ആരംഭിച്ച സമാജങ്ങളിലൊന്നായ സീവുഡ്‌സ് മലയാളി സമാജം ഭാഷയെ സമ്പന്നമാക്കുവാനും കുട്ടികളിൽ വായനാശീലം വളർത്തുവാനുമുള്ള ചുമതലയേൽക്കുമെന്നു മുംബൈ നഗരത്തിന്‍റെ പശ്ചാത്തലത്തിൽ 'നഗരത്തിലെ മുഖം' എന്ന നോവലെഴുതിയ ബാലകൃഷ്ണൻ പ്രത്യാശിച്ചു.

മലയാളികളായ നമ്മൾ വലിയ വലിയ സ്വപ്‌നങ്ങൾ കാണണമെങ്കിൽ മലയാളം പഠിച്ചേ തീരൂ എന്നും കേരളത്തിന്‍റെ തനിമയും സംസ്കാരവും ആഘോഷങ്ങളും അനുഷ്ഠാനങ്ങളും ഉൾക്കൊള്ളണമെങ്കിൽ മലയാള ഭാഷ പഠിക്കുക തന്നെ വേണമെന്ന് ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

എഴുത്തിന്‍റെ അര നൂറ്റാണ്ട് പിന്നിട്ട നഗരത്തിന്‍റെ പ്രിയ നോവലിസ്റ്റും മുംബൈയിലെ മുൻ മലയാളം മിഷൻ കൺവീനറുമായിരുന്ന എഴുത്തുകാരൻ മലയാളം ക്ലാസ്സിലെ കുട്ടികളിൽ നിന്നും ചോദ്യം സ്വീകരിച്ചതും ശ്രദ്ധേയമായി.

ചടങ്ങിലെ വിശിഷ്ടാതിഥിയായ നോർക്ക ഡിവലപ്മെന്‍റ് ഓഫീസർ ഷമീം ഖാൻ വായനയുടെ പ്രസക്തിയും ഭാഷയുടെ അതിജീവന സാദ്ധ്യതകളെയും ചൂണ്ടിക്കാട്ടി മലയാളം ക്‌ളാസ്സിലെ കുട്ടികളുടെ സംശയങ്ങൾക്ക് നിവൃത്തി വരുത്തി. ജീവിതത്തിന്‍റെ വെല്ലുവിളികളെ സുധീരമായി നേരിടാൻ പുതിയ തലമുറ വായനയുടെ സഹായത്തോടെ സജ്‌ജമാകണമെന്നു ഷമീം ഖാൻ അഭിപ്രായപ്പെട്ടു.യോഗത്തിൽ സെക്രട്ടറി രാജീവ്‌ നായർ സ്വാഗതം പറഞ്ഞു.

എൻ.ആർ.ഐ. കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് പോലീസ് ഇൻസ്പെക്ടർ അരുൺ മാനിക് പാഥാർ വാർഷികാഘോഷങ്ങളിൽ മുഖ്യാതിഥിയായിരുന്നു.

സമാജത്തിലെ ഏറ്റവും മുതിർന്ന പത്തു അംഗങ്ങളെ ആദരിച്ചതും അവരുടെ ഗൃഹാതുരത്വമുണർത്തുന്ന ഓർമക്കുറിപ്പുകളും ആഘോഷങ്ങൾക്ക് മിഴിവേകി. സമാജത്തിന്റെ വളർച്ചക്കും ഉയർച്ചക്കും കൈത്താങ്ങായി നിന്ന സഹായഹസ്തങ്ങളെയും വാർഷികാഘോഷത്തിൽ അംഗങ്ങൾ ആദരിച്ചു.

രമേശ് നായരുടെ ഗണേശ സ്തുതിയിൽ തുടങ്ങിയ വാർഷികാഘോഷങ്ങൾക്കു സമാജം നൃത്താധ്യാപിക സുസ്മിത രതീഷിന്‍റെ നേതൃത്വത്തിൽ നടന്ന നൃത്തനൃത്യങ്ങളും മാറ്റ് കൂട്ടി . മലയാളം ക്ലാസ്സിലെ കുട്ടികൾ മാത്രം പങ്കെടുത്ത ഇടശ്ശേരി ഗോവിന്ദൻ നായരുടെ പൂതപ്പാട്ടിന്‍റെ ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമായി.

തുടർന്ന് കേരളത്തിൽ നിന്നെത്തിയ ജൂനിയർ ഇന്നസെന്‍റ് എന്നറിയപ്പെടുന്ന ജോബ് ചേന്നവേലിൽ മജീഷ്യൻ പ്രേംദാസ് എന്നിവരുടെ സ്റ്റേജ് ഷോയും അരങ്ങേറി.

കേരളീയ കേന്ദ്ര സംഘടനാ പ്രസിഡണ്ട് ടി എൻ ഹരിഹരൻ, മലയാളം മിഷൻ കോർഡിനേറ്റർ , നവി മുംബൈ മേഖല വത്സൻ മൂർക്കോത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചപ്പോൾ മറ്റു സമാജങ്ങളിലേയും സാംസ്‌കാരിക സംഘടനകളിലെയും ഭാരവാഹികളെയും സീവുഡ്‌സ് സമാജം ആദരിച്ചു. പ്രസിഡണ്ട് ഇ കെ നന്ദകുമാർ ആമുഖ പ്രസംഗം നടത്തിയപ്പോൾ കൺവീനർ വി ആർ രഘുനന്ദനൻ നന്ദി പ്രകാശിപ്പിച്ചു.

കലാപരിപാടികൾക്ക് ബിജി ബിജു അവതാരകയായി. സഹകൺവീനർമാരായ കെ എസ് ആദർശ്, പി ജി ആർ നായർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ