പ്രത്യാശാ നിർഭരമായ സന്ദേശമാണ് ശ്രീനാരായണ ദർശനം : സ്വാമി ശുഭാംഗാനന്ദ
മുംബൈ: മനുഷ്യ നന്മയ്ക്കായി ഭൗതീകതയും ആത്മീയതയും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമായിരുന്നു ശ്രീനാരായണ ഗുരുദേവന്‍റേതെന്നും എല്ലാ കൂട്ടായ്മയുടെയും ആത്യന്തികമായ ലക്ഷ്യം ലോകനന്മയ്ക്കും സാമൂഹിക പുരോഗതിക്കും സമൂഹത്തിന്‍റെ സര്‍വതോന്‍മുഖമായ വളര്‍ച്ചയ്ക്കും വേണ്ടിയുള്ളതാവണമെന്നു ഉദ്‌ബോധിപ്പിച്ച വിശ്വഗുരുവാണ് ശ്രീനാരായണ ഗുരുദേവനെന്നും ഗുരുദേവന്‍ ഈ സമൂഹത്തിന് നല്‍കിയ മഹത്തായ ഉല്‍ബോധനങ്ങളെയും ഉപദേശങ്ങളെയും തത്വ സംഹിതയെയും സംബന്ധിച്ച് വിലയിരുത്തപ്പെടുവാനും ചര്‍ച്ച ചെയ്യപ്പെടുവാനും അത് ഹൃദയം കൊണ്ട് ഏറ്റുവാങ്ങി നമ്മുടെ ജീവിതത്തില്‍ പകര്‍ത്തി യഥാര്‍ഥ മനുഷ്യനായി ജീവിക്കുവാനുമുള്ള അവസ്ഥാവിശേഷം സൃഷ്ടിക്കുക എന്നുള്ളതാണ് ഓരോ കൂട്ടായ്മയിലൂടെയും നാം ചെയ്യേണ്ടതെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
ശ്രീനാരായണ മന്ദിര സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന 171-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ചു നടത്തിയ സാംസ്‌കാരിക സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ശുഭാംഗാനന്ദ.
ശ്രീനാരായണ ഗുരുദേവന്‍ ഒരുനൂറ്റാണ്ടിനു മുന്‍പ് ആവശ്യപ്പെട്ട കാര്യങ്ങളാണ് ഇപ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും നബാര്‍ഡ് ഉള്‍പ്പടെയുള്ള സാമ്പത്തിക വികസന സ്ഥാപനങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുവെന്നു നബാര്‍ഡ് ചെയര്‍മാന്‍ ഡോ. ഷാജി കെ. വി. പറഞ്ഞു. സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗുരുദര്‍ശനം കാലാതീതവും മനുഷ്യ നന്മയുടെ മോചന വചനങ്ങളുമാണെന്ന വേശൃശരവമൃശ്ൗ നബാര്‍ഡ് ചെയര്‍മാന്‍ എന്നനിലയിലുള്ള തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചാലക ശക്തിയാവുന്നുണ്ടെന്നും ഗ്രാമീണ ക്ഷീര കൃഷി ഉള്‍പ്പടെയുള്ള കാര്‍ഷിക മേഖലയുടെ സമഗ്ര വികസനമാണ് നബാര്‍ഡ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളാ സര്‍വകലാശാല മുന്‍ ഡീനും ശിവഗിരി മഠം മുന്‍ അഡ്മിനിസ്‌ട്രേറ്ററുമായ ഡോ. എം. ശാര്‍ങ്ഗധരന്‍ വിശിഷ്ടാഥിതിയായിരുന്നു .
സമ്മേളനത്തില്‍ സമിതി പ്രസിഡന്‍റ് എം.ഐ. ദാമോദരന്‍ അധ്യക്ഷനായിരുന്നു. സമിതിയുടെ വിദ്യാഭ്യാസ, സാമൂഹിക രംഗത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി ഒ.കെ. പ്രസാദ് സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍മാന്‍ എസ്. ചന്ദ്രബാബു, സോണല്‍ സെക്രട്ടറി മായാ സഹജന്‍ എന്നിവരും പ്രസംഗിച്ചു.
ട്രഷറര്‍ വി.വി. ചന്ദ്രന്‍, അസിസ്റ്റന്‍റ് സെക്രട്ടറി വി.എന്‍. അനില്‍കുമാര്‍, അസിസ്റ്റന്‍റ് ട്രഷറര്‍ പി. പൃഥ്വീരാജ്, സോണല്‍ സെക്രട്ടറിമാരായ പി.കെ. ആനന്ദന്‍, വി.വി. മുരളീധരന്‍, കെ. മോഹന്‍ദാസ്, കെ. ഉണ്ണികൃഷ്ണന്‍, പി. ഹരീന്ദ്രന്‍, എന്‍.എസ്. രാജന്‍ , പി.പി. കമലാനന്ദന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു, സമിതിയുടെ വിവിധ യൂണിറ്റുകളില്‍ നിന്നുമായി മൂവായിരത്തിലധികം പേര്‍ ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.