വിഎസ് അനുസ്മരണം
മുംബൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്‍റെ സൃഷ്ടിയാണെന്ന് എം എ ബേബി. മുംബൈയില്‍ സിപിഎം സംഘടിപ്പിച്ച വി.എസ്. അച്യുതാനന്ദന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി.ചൂഷണത്തിനും അനീതിക്കും എതിരെ നിലയ്ക്കാത്ത സമരമായി തന്റെ ജീവിതത്തെ മാറ്റിയ നേതാവാണ് വിഎസെന്നും അദ്ദേഹം അനുസ്മരിച്ചു.
ഔപചാരികമായി കോളേജ് വിദ്യാഭ്യാസം ഒന്നും നേടിയിട്ടില്ലെങ്കിലും തനത് ശൈലിയില്‍ ആരുമായും ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. ഹിന്ദി പഠിക്കുമായിരുന്നു. ഇതെല്ലാം ഒരു മാതൃകാ കമ്മ്യൂണിസ്റ്റ് എന്ന നിലയിലുള്ള പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണ്
ഡോ ജോണ്‍ ബ്രിട്ടാസ് എം പി ദേശാഭിമാനിയുടെ ഡല്‍ഹി പ്രതിനിധിയായിരുന്ന കാലത്തെ വി എസ്സുമായി ബന്ധപ്പെട്ട ഓര്‍മ്മകളും എം.എ. ബേബി പങ്കിട്ടു. ഡല്‍ഹിയില്‍ എത്തുമ്പോഴെല്ലാം ഉത്തരേന്ത്യന്‍ രാഷ്ട്രീയ നേതാക്കളുടെ നീക്കങ്ങളും തന്ത്രങ്ങളും ബ്രിട്ടാസില്‍ നിന്ന് ചോദിച്ച് മനസിലാക്കുക പതിവായിരുന്നുവെന്നും എം എ ബേബി ഓര്‍ത്തെടുത്തു. പോരാട്ട സമരങ്ങളോടൊപ്പം നിരീക്ഷണവും പഠനവും ശീലമാക്കിയിരുന്ന നേതാവായിരുന്നു വി എസ് . എം എ ബേബി അനുസ്മരിച്ചു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് വി.എസ്. നടന്നു കയറിയ മുംബൈയിലെ ആദര്‍ശ് വിദ്യാലയത്തില്‍ നടന്ന അനുസ്മരണ യോഗത്തില്‍ സിപിഎം സംസ്ഥാന നേതാക്കളും വി എസ്സിനെ അനുസ്മരിച്ചു.
സിപി എം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി ഡോ അജിത് നവാലെ, കൂടാതെ സംസ്ഥാന നേതാക്കളായ എസ് കെ റെഗെ, ശൈലേന്ദ്ര കാംബ്ലെ, പ്രീതി ശേഖര്‍, പി സായ്നാഥ് പി.കെ ലാലി, സി പി ഐ, ഫോര്‍വേഡ് ബ്ലോക്ക് എന്നീ ഇടതുപക്ഷ നേതാക്കളും, പാര്‍ട്ടി പ്രവര്‍ത്തകരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തു.